728-90

നെയ്യാറ്റിൻകരയിലെ കൊലപാതകം , ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം : രമേശ് ചെന്നിത്തല

Star

തിരുവനന്തപുരം: വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതി ക്രൂരമായ നടപടിയാണ് ഡിവൈഎസ്പിയുടെ ഭാഗത്ത് നിന്നുണ്ടായത്. മരിച്ച സനല്‍കുമാറിനെ വാക്ക് തര്‍ക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ മറ്റൊരു വാഹനത്തിന് മുന്നിലേക്ക് പിടിച്ച് തള്ളുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്.

സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഡിവൈഎസ്പിക്ക് തന്റെ വാഹനം എടുക്കാന്‍ കഴിയാത്ത വിധത്തതില്‍ തന്റെ വണ്ടി പാര്‍ക്ക് ചെയ്തു എന്ന് ആരോപിച്ചാണ് ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ മറ്റൊരു വാഹനത്തിന് പിന്നിലേക്ക് പിടിച്ച് തളളിയത്. ഡിവൈഎസ്പിയെ കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

അറസ്റ്റ് വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മരിച്ച സനല്‍കുമാറിന്റെ ഭാര്യക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ കുംടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധി പേരുടെ ജീവനുകള്‍ പൊലീസിന്റെ അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തതില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല വ്യക്തതമാക്കി.

നെയ്യാറ്റിന്‍കരയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് അഭിപ്രായപ്പെട്ടു .യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമായ സംഭവമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. ആവശ്യമായ ഗൗരവത്തോടെ കേസ് കൈകാര്യം ചെയ്യുമെന്നും ഡിവെെഎസ്പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവത്തില്‍ അസിസ്റ്റന്‍റ് കമ്മീഷണർ സുജിത് ദാസിനാണ് അന്വേഷണ ചുമതല. ഒളിവിൽ പോയ ഡിവൈഎസ്പി ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റൂറൽ എസ്പി പി.അശോക് കുമാറും പറഞ്ഞു.

ഹരികുമാർ സംഭവസ്ഥലത്ത് പോയത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും റൂറൽ എസ്പി കൂട്ടിച്ചേര്‍ത്തു. കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.

എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നേരത്തെ, ഡിവെെഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവശേഷം ഹരികുമാര്‍ ഒളിവിലാണ്.