Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിയുടെ അനുഗ്രഹം വാങ്ങി ഇടതുപക്ഷ സ്ഥാനാർഥി പര്യടനത്തിന് തുടക്കം കുറിച്ചു

ഗുരുവായൂര്‍ : തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹം വാങ്ങി ഗുരുവായൂർ മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചു . സാമുദായിക സംഘടന നേതാക്കളേയും സ്ഥാപന മേധാവികളേയും പൗരപ്രമുഖരേയുമാണ് ആദ്യഘട്ടത്തില്‍ നേരില്‍ കണ്ടത്. സിപിഎം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് ചൊവ്വാഴ്ചത്തെ പര്യടനം ആരംഭിച്ചത്. ആദ്യം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി പര്യടനത്തിന് തുടക്കമിട്ടു.

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി, ഗുരുവായൂര്‍ മസ്ജിദ്, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ തൊഴിയൂരിലെ ആസ്ഥാനം, തൊഴിയൂര്‍ ദാറുല്‍ ഹുദാ, എല്‍ എഫ് കോളജ്, കോട്ടപ്പടി, കാവീട് കത്തോലിക്കാ പള്ളികള്‍ എന്നിവിടങ്ങില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് സി കെ കുമാരന്റെ വസതിയിലെത്തി പത്‌നിയേയും നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി കെ ശാന്തകുമാരിയേയും സന്ദര്‍ശിച്ചു. തുടര്‍ന്ന് പാലയൂര്‍ ഫൊറോന ദേവാലയത്തിലെ റെക്ടര്‍ ഫാ. വര്‍ഗ്ഗീസ് കരിത്തേരിയെ സന്ദര്‍ശിച്ച് സഹകരണം അഭ്യര്‍ത്ഥിച്ചു. പാലയൂര്‍ മഠം, മണത്തല പള്ളി, മമ്മിയൂര്‍ എല്‍ എഫ് സ്‌കൂള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ ആദ്യഘട്ടം പര്യടനം പൂര്‍ത്തിയാക്കിയത്.

Astrologer

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ കെ സുധീരന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ സെയ്താലിക്കുട്ടി, സിപിഎം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ടി ശിവദാസ്, സിപിഐ അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, ജനതാദള്‍ നേതാവ് ലാസര്‍ പേരകം, സിപിഐ നേതാക്കളായ, ഐ കെ ഹൈദ്രാലി, കെ എ ജേക്കബ്, കെ കെ ജ്യോതിരാജ്, പി കെ രാജീവ്, സിപിഎം നേതാവ് മാലിക്കുളം അബ്ബാസ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു

Vadasheri Footer