
റെയിൽവേ സ്റ്റേഷനിലെ അഗ്നിബാധ, കരാറുകാരുടെ അനാസ്ഥ.

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച. മതിയായ ഫയർ സുരക്ഷ ഒരുക്കാൻ കരാർ കമ്പനിക്കായില്ലെന്നും ഫയർഫോഴ്സിനെ വിളിച്ചറിയിച്ചതും നേരം വൈകിയാണെന്നും വിലയിരുത്തൽ. റെയിൽവേ സ്റ്റേഷൻ പാർക്കിങ് ലോട്ടിലെ തീപിടുത്തതിൽ 500 ഓളം വാഹനങ്ങൾ കത്തി നശിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. അഡംബര ബൈക്കുകളടക്കം 600 ഓളം വാഹനങ്ങളാണ് പാർക്കിംഗ് ലോട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല

തീപിടിത്തതിൽ റെയിൽവേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മറ്റു വാഹനങ്ങളിലേക്ക് തീ പിടിച്ചതാകാം കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോൾ തന്നെ ആളപായം ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും റെയിൽവേ വിശദീകരിക്കുന്നു. അതേസമയം പരിചയ സമ്പന്നരായ ജീവനക്കാരെ ആയിരുന്നില്ല പാർക്കിംഗ് ലോട്ടിൽ നിയമിച്ചതെന്നും തീ അണക്കാനുള്ള മതിയായ ഉപകരണങ്ങളും പാർക്കിങ് ലോട്ടിൽ ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള കൺട്രോൾ റൂം നമ്പറുകളും ഹെൽപ്പ് ലൈൻ നമ്പറുകളും പാർക്കിങ് ലോട്ടിൽ പ്രദർശിപ്പിച്ചിരുന്നില്ല
പാർക്കിംഗ് ലോട്ട് പ്രവർത്തിച്ചത് കോർപ്പറേഷന്റെ അനുമതിയില്ലാതെ എന്ന ഡെപ്യൂട്ടി മേയർ എ പ്രസാദ് പറഞ്ഞു. സംഭവത്തിൽ റെയിൽവേക്ക് തൃശ്ശൂർ കോർപ്പറേഷൻ നോട്ടീസ് നൽകും. സുരക്ഷാ മാനദണ്ഡങ്ങൾ പ്രവർത്തിക്കാതെ നഗരത്തിൽ എത്ര പാർക്കിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നു എന്ന പരിശോധിക്കുമെന്നും എ പ്രസാദ് പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനടുത്തുള്ള ബൈക്ക് ഷെഡ്ഡിനടുത്താണ് തീ പടർന്നത്. രണ്ട് ബൈകള്‍ക്ക് മാത്രമാണ് ആദ്യം തീപിടിച്ചത്. അത് തുടക്കത്തിൽ അണക്കാമായിരുന്നു. എന്നാൽ ഫയർ എഞ്ചിൻ വരുന്നത് വരെ കാത്തുനിന്നതിനാലാണ് ഇത്രയധികം ബെെക്കുകൾക്ക് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.

