രാഹുൽ ഗാന്ധി തിരുനെല്ലി പാപനാശിനിയിൽ പിതൃതര്‍പ്പണം നടത്തി

">

വയനാട്: രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി, അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശത്തിൽ പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. നെഹ്റുവിനും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഒപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും സംസ്ഥാനത്ത് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കും വേണ്ടിയും രാഹുൽ ബലിയിട്ടു. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ചുരുക്കം ആളുകൾ മാത്രമാണ് രാഹുലിനൊപ്പം പാപനാശത്തെത്തിയത്.

തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് രാഹുൽ ഗാന്ധി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിതൃതര്‍പ്പണ ചടങ്ങുകൾ തീര്‍ത്തും സ്വകാര്യമായ ചടങ്ങായി തന്നെ നടത്തണമെന്ന നിര്‍ബന്ധവും രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നു. ദേശീയ വാര്‍ത്ത ഏജൻസികൾക്ക് മാത്രമാണ് ഇവിടെക്ക് പ്രവേശനം അനുവദിച്ചത് . 1991 ൽ പാപനാശിനിയിൽ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം കെ കരുണാകരനാണ് തിരുനെല്ലിയിൽ ഒഴുക്കിയത്. ക്ഷേത്രത്തിൽ നിന്ന് എഴുനൂറ് മീറ്റര്‍ ദൂരെയാണ് പാപനാശിനി തീരം. അവിടേക്ക് നടന്നാണ് രാഹുൽ എത്തിയത്. രാഹുൽ ഗാന്ധി വരുന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരുന്നത്. മറ്റാര്‍ക്കും ഇന്ന് ബലിതര്‍പ്പണത്തിന് അവസരം നൽകിയിരുന്നുമില്ല. ഇഎൻ കൃഷ്ണൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *

Sponsors