പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ട്രാക്ടർ റാലി ഹരിയാനയിൽ പ്രവേശിച്ചു
ചണ്ഡീഗഢ് : പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാണ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍നിന്ന് ബിജെപി ഭരിക്കുന്ന ഹരിയാണയിലേക്ക് ട്രാക്ടര്‍ റാലി പ്രവേശിക്കാന്‍ തുടങ്ങവെ ആയിരുന്നു ഇത്. നൂറുകണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.
എത്രസമയം കാത്തുനില്‍ക്കേണ്ടി വന്നാലും അതിന് തയ്യാറാണെന്നും പോലീസ് റാലിക്ക് അനുമതി നല്‍കുന്നതോടെ വീണ്ടും സമാധാനപരമായി മുന്നോട്ടു പോകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നിരവധി പോലീസുകാര്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് റാലി തടഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റാലി അവര്‍ ഹരിയാണ അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘തടസം നീക്കുന്നതുവരെ ഞാന്‍ ഇവിടെ കാത്തുനില്‍ക്കും. രണ്ട് മണിക്കൂറിനകം തടസം നീങ്ങുമെങ്കില്‍ രണ്ട് മണിക്കൂര്‍ കാത്തുനില്‍ക്കും. ആറ് മണിക്കൂര്‍ എടുത്താല്‍ അത്രയും നേരം. 24 ആയാലും, നൂറോ ഇരുനൂറോ അഞ്ഞൂറോ മണിക്കൂര്‍ ആയാലും അത്രയും നേരം ഇവിടെതന്നെ സമാധാനപരമായി കാത്തുനില്‍ക്കും’ – അദ്ദേഹം വ്യക്തമാക്കി.
100 പേര്‍ക്കുമാത്രം ഹരിയാണയില്‍ പ്രവേശിക്കാനുള്ള അനുമതിയാണ് അവിടുത്തെ ബിജെപി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഉന്നത തല ചർച്ചകൾക്ക് ശേഷം ഒടുവിൽ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സഞ്ചരിച്ച മൂന്ന് ട്രാക്ടറുകള്‍ കടത്തിവിട്ടു . രാഹുലിനൊപ്പം റാലിയില്‍ പങ്കെടുത്ത പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുപോയി ഹരിയാണയില്‍ രണ്ട് യോഗങ്ങളെരാഹുല്‍ അഭിസംബോധന ചെയ്യും.കുരുക്ഷേത്രയിലാണ് റാലിയുടെ സമാപനം.
രാഹുല്‍ പ്രത്യേക തയ്യാറാക്കിയ ഇരിപ്പിടത്തിലിരുന്നാണ് ട്രാക്ടര്‍യാത്ര നടത്തുന്നതെന്ന വിമര്‍ശവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍ പഞ്ചാബിലെ നൂര്‍പുറിലൂടെ സ്വയം ട്രാക്ടര്‍ ഓടിച്ച് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അടക്കമുള്ളവര്‍ ആസമയം രാഹുലിനൊപ്പം ഉണ്ടായിരുന്നു. അതിനിടെ ഹരിയാണയിലെ സിര്‍സയില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിന്റെ ദൃശ്യങ്ങളുേം പുറത്തുവന്നിട്ടുണ്ട്.