Above Pot

പുത്തൻ കടപ്പുറം ആരോഗ്യ ഉപകേന്ദ്രം മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും

ചാവക്കാട്: പുത്തന്‍കടപ്പുറത്തെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന ആരോഗ്യ ഉപകേന്ദ്രം ”ബാപ്പുസെയ്ദ് സ്മാരക ഹെല്‍ത്ത് സെന്റര്‍” എന്ന് നാമകരണം ചെയ്ത് മന്ത്രി വീണ ജോര്‍ജ്ജ് ഉൽഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ എന്‍.കെ. എന്‍.കെ.അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും . 19 ലക്ഷം രൂപ വകയിരുത്തിയാണ് തീരദേശവാസികള്‍ക്ക് ഏറെ ആശ്വാസമാവുന്ന ഹെല്‍ത്ത് സെന്റര്‍ നഗരസഭ പുനര്‍നിര്‍മ്മിച്ചത്.

Astrologer

.ആരോഗ്യ ഉപകേന്ദ്രം അര്‍ബന്‍ ഹെല്‍ത്ത് സെന്ററായി ഉയര്‍ത്താന്‍ നഗരസഭ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനിടെ നടത്താനായെന്നും പല പദ്ധതികളും അവസാനഘട്ടത്തിലാണെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10,000 രൂപയുടെ ധനസഹായം നഗര സഭയിലെ 13 പേർക്ക് നൽകി .

താലൂക്ക് ആശുപത്രിയില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, പുത്തന്‍കടപ്പുറം ജി.ആര്‍.എഫ്.ടി.എച്ച്. സ്‌കൂളില്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ബ്ലോക്ക്, വാതില്‍പ്പടി സേവനം, മിയാവാക്കി മോഡല്‍ വനം വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയവയാണ് നടപ്പാക്കിയ പ്രധാന പദ്ധതികള്‍. ദീര്‍ഘദൂര യാത്രികര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിശ്രമത്തിനുമായുള്ള ”ടെയ്ക്ക് എ ബ്രേയ്ക്ക്” പദ്ധതിയുടെ ഭാഗമായി കോടതി പരിസരം, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ”ടെയ്ക്ക് എ ബ്രേയ്ക്ക്” സംവിധാനം ഒരുക്കുന്നതാണ് നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലുള്ളവയില്‍ പ്രധാനം.

നഗരസഭ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കോടതി പരിസരത്ത് ഒരുക്കിയ ”ടെയ്ക്ക് എ ബ്രേയ്ക്ക്” സംവിധാനം ഉദ്ഘാടനത്തിന് സജ്ജമായി. 14 ലക്ഷം രൂപ ചെലവിട്ട് രണ്ട് നിലകളിലായാണ് ബസ്സ്റ്റാന്റില്‍ ഈ സംവിധാനം ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മൂന്ന് വീതം ശോച്യാലയങ്ങള്‍, ഒരു മിനി കഫേ, വിശ്രമത്തിനായി ഒരു വരാന്ത എന്നിവ ഉള്‍പ്പെടുന്നതാണ് ബസ്സ്റ്റാന്‍ഡിലെ ”ടെയ്ക്ക് എ ബ്രേയ്ക്ക്” സംവിധാനം. ഇത് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് 17 ലക്ഷം രൂപ വകയിരുത്തി നഗരസഭ നാല് വാട്ടര്‍ എ.ടി.എം. സ്ഥാപിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. ഇത് പ്രകാരം ചാവക്കാട് നഗരസഭ ഓഫീസ് അങ്കണം, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ വാട്ടര്‍ എ.ടി.എം. സ്ഥാപിച്ചു കഴിഞ്ഞു. ബാക്കി 2 വാട്ടര്‍ കിയോസ്‌ക്കുകളുടെ നിര്‍മ്മാണം സ്ഥലലഭ്യതക്കനുസരിച്ച് എത്രയും വേഗം പൂര്‍ത്തീകരിക്കും.

മുതുവട്ടൂരിലുളള നഗരസഭ ലൈബ്രറി കെട്ടിടത്തിന്റെ മുകള്‍നിലയില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് വനിതകള്‍ക്ക് ഹെല്‍ത്ത് ക്ലബ്ബിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 8 ലക്ഷം രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് ഇതിലേക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനവും ഉടനെയുണ്ടാവും. ചാവക്കാട് അരിയങ്ങാടിയില്‍നിന്ന് സിവില്‍സ്‌റ്റേഷനിലേക്ക് പുഴയോരപാത, നഗരസഭയിലെ പ്രധാന പ്രകൃതി ദത്ത ജലസംഭരണികളിലൊന്നായ പുളിച്ചിറക്കെട്ട് സംരക്ഷിക്കുന്നതിനും ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച ജലരക്ഷ-ജീവരക്ഷ പദ്ധതി, മാലിന്യസംസ്‌ക്കരണത്തില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം, മണത്തല ജി.എച്ച്.എസ്. സ്‌കൂളിലെ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ബ്ലോക്കിന്റെ നിര്‍മ്മാണം തുടങ്ങിയവയുടെ ഉദ്ഘാടനവും ഉടനെയുണ്ടാവുമെന്ന് ചെയര്‍പേഴ്‌സന്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്ക്, ഷാഹിന സലീം, പി.എസ്. അബ്ദുള്‍ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, എം.ആര്‍. രാധാകൃഷ്ണന്‍ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Vadasheri Footer