Above Pot

കരുവന്നൂർ പദ്ധതി വന്നിട്ടും , പുന്നയിൽ കുടി വെള്ളം കിട്ടാക്കനി

ചാവക്കാട്: കൊട്ടിഘോഷിച് ഉൽഘാടനം ചെയ്ത കരുവന്നൂർ ശുദ്ധജല പദ്ധതി ആരംഭിച്ചിട്ടും പുന്നയിലെ 67 കുടുംബങ്ങൾക്ക് കുടി വെള്ളം കിട്ടാക്കനിയെന്ന് ആക്ഷേപം
ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ അഞ്ചാം വാർഡ് അംഗം കോൺഗ്രസ് പ്രതിനിധിയായ ഷാജിത മുഹമ്മദാണ് ഇത് സംബന്ധമായ പരാതിയുമായി എഴുന്നേറ്റത്. പുന്നയിലെ മലയെണ്ണ പറമ്പ്, വലിയ പറമ്പ്, വലിയകുളം മേഖലയിലായി 67 കുടുംബങ്ങളാണ് രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ ദുരിതപ്പെടുന്നത്. മേഖലയിലെവിടെയും പൈപ്പ് കണക്ഷനുകളെത്താതാണ് വെള്ളം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്ന് ഷാജിത ചൂണ്ടിക്കാട്ടി.

മലയെണ്ണ പറമ്പിനു സമീപം രണ്ട് വർഷം മുമ്പ് റവന്യു വകുപ്പ് സ്ഥാപിച്ച മിനി ജലസംഭരണിയേയാണ് കുടിവെള്ളത്തിനായി പലരും ആശ്രയിക്കുന്നത്. ഈ സംഭരണി ചോർച്ചയുള്ളതിനാൽ പകുതി മാത്രമെ വെള്ളം നിറക്കാറുള്ളു. മേഖലയിലെ നന്മ പോലുള്ള ചില സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രദേശത്ത് ദാഹജലമെത്തിക്കുന്നതെന്ന് ഷാജിത വ്യക്തമാക്കി. നിലവിലെ ടാപ്പുകളിൽ നിന്ന് വെള്ളമെടുക്കണമെങ്കിൽ പലർക്കും രണ്ട് കിലോമീറ്ററോളം നടക്കേണ്ടതുണ്ട്. നേരത്തെ ഈ പ്രദേശത്ത് നേരെ പോയി വെള്ളമെടുത്ത് വരാവുന്ന സൗകര്യമുള്ളിടത്ത് ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ മതിലുകളും വീടുകളുമുയർന്നതോടെയാണ് വെള്ളമെടുക്കാൻ ഏറെ ചുറ്റിക്കറങ്ങേണ്ടി വരുന്നത്. റവന്യു സ്ഥാപിച്ച ജലസംഭരണിയിലെ വെള്ളമെടുക്കാൻ പുന്ന ജുമാമസ്ജിദിനു പിറകേയുള്ളവർക്കും ഏറെ ചുറ്റിക്കറങ്ങേണ്ട അവസ്ഥായാണ്.

ഗുരുവായൂർ ചാവക്കാട് നഗരസഭകളിലെ കുടിവെള്ള പ്രശ്നം പരിഹാരത്തിനായി കോടികൾ ചെലവിട്ട കരുവന്നൂർ ജലവിതരണ പദ്ധതിവ്നനിട്ടും പുന്നയിലെ സാഹചര്യത്തിനു മാറ്റമില്ലെന്ന് ഷാജിത പറഞ്ഞു. പ്രദേശത്ത് പൈപ്പിടുന്ന കാര്യം പരിഗണിക്കുമെന്നും കുടിവെള്ളം ലഭിക്കാത്ത പ്രദേശത്ത് വെള്ളമെത്തിക്കാനുള്ള സൗകര്യം അടിയിന്തിരമായി കൈക്കൊള്ളുമെന്നും യോഗ്തതിൽ അധ്യക്ഷത വഹിച്ച ചെയർമാൻ എൻ.കെ. അക്ബർ മറുപടിയിൽ ഉറപ്പു നൽകി.
നഗരസഭ വക കടമുറികളുടെ ലൈസന്‍സ് കൈമാറ്റത്തിൽ നിലവിലുളള വ്യവസ്ഥ പ്രകാരം നഗരസഭയ്ക്ക് നേരിടുന്ന നഷ്ടം തടയുന്നതിനാവശ്യമായ ഭേദഗതി ബൈലോയിൽ വരുത്തും. ഇത് സംബന്ധിച്ച വിഷയം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ധനകാര്യ സ്ഥിരം സമിതി യോഗത്തെ ചുമതലപ്പെടുത്തി.

നഗരസഭ ബസ് സ്റ്റാൻഡ് ചത്വരം, സ്റ്റേഡിയം ഗ്രൗണ്ട് എന്നീ സ്ഥലങ്ങള്‍ ദീര്‍ഘകാലത്തേക്ക് വാടകക്ക് എടുക്കുന്നവരിൽ നിന്ന് ദിവസ നിരക്കിൽ ഗ്രൗണ്ട് വാടക ഈടാക്കുമ്പോള്‍ കക്ഷികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനാണിത്. കടമുറികളും മര്റും വാടകക്കെടുക്കുന്നവരിൽ ചിലർ കൂടിയ തുകക്ക് മേൽ വാടക്ക് നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. നഗരസഭക്ക് ലഭിക്കേണ്ട വാടക ചൂഷണം ചെയ്യപ്പെടാതിരിക്കാൻ കൂടിയാണ് ഈ തീരുമാനം.

നഗരസഭ ബസ് സ്റ്റാൻഡ് ഫീസ് പിരിവ്, കംഫര്‍ട്ട് സ്റ്റേഷന്‍ ഫീസ് പിരിവ്, പച്ചക്കറി മാര്‍ക്കറ്റ് ഫീസ് പിരിവ്, ബസ് സ്റ്റാൻഡ് ടെര്‍മിനലിനകത്തെ ടി.വി പരസ്യം തുടങ്ങിയ കുത്തകകളുടെ ലൈസന്‍സ് അവകാശം 2019- 20 വര്‍ഷത്തേക്ക് നൽകുന്നതിനായി നടന്ന ലേലത്തിൽ ഉയര്‍ന്ന നിരക്കിൽ തുക സമര്‍പ്പിച്ചവരുടെ ടെണ്ടർ അംഗീകരിക്കാന്‍ തീരുമാനിച്ചു. ഈ ഇനങ്ങള്‍ക്കെല്ലാം കൂടി 22 ലക്ഷം രൂപയാണ് നഗരസഭക്ക് ലഭിക്കുക. പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തനത്തിനായി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുകളിലുളള ഹാള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ ബക്കർ, എ.സി. ആനന്ദൻ, അംഗങ്ങളായ കെ.കെ. കാർത്യായനി, സൈസൻ മാറോക്കി, ഹിമ മനോജ് എന്നിവർ സംസാരിച്ചു. വാർഡു കൗൺസിലർമാർക്കു പുറമെ ഗരസഭാ സെക്രട്ടറി ഡോ. ടി.എൻ. സിനി, സൂപ്രണ്ട് വിജി, ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ വി. പോള്‍ തോമസ്, അസി.എഞ്ചിനീയര്‍ അശോക് കുമാര്‍, പദ്ധതിവിഭാഗം ക്ലര്‍ക്ക് പി.സജീവ് എന്നിവരും പങ്കെടുത്തു.

Vadasheri Footer