അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പത്താം പതിപ്പ് പ്രകാശനം ചെയ്തു.
തൃശൂർ : അഡ്വ.ഏ.ഡി.ബെന്നിയുടെ അനുഭവം, ഓർമ്മ ,ദർശനം പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പത്താം പതിപ്പ് പ്രകാശനം ചെയ്തു. പാലക്കാട് ചിറ്റൂർ ജവഹർലാൽ നെഹ്രു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.മുരുകദാസിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
ചടങ്ങിൽ ചിറ്റൂർ നഗരസഭാ വൈസ് ചെയർമാൻ പി.ശിവകുമാർ അധ്യക്ഷത വഹിച്ചു.മാണി പയസ് രചന നിർവ്വഹിച്ച് 2015 ഏപ്രിൽ 16ന് പ്രസിദ്ധീകരിച്ച പുസ്തകം ചുരുങ്ങിയ കാലം കൊണ്ട് പത്താംപതിപ്പിലെത്തിയിട്ടുള്ളതാണ്. മാരകരോഗത്തിൻ്റെയും പ്രൊഫഷണൽ ജിവിതത്തിൻ്റേയും വെല്ലുവിളികളെ തരണം ചെയ്ത കഥയാണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. വർത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും ഈ കൃതി അടയാളപ്പെടുത്തുന്നു. ചരിത്രത്തോടും സമകാലികജീവിത യാഥാർത്ഥ്യങ്ങളോടും ചേർന്ന് നടക്കുന്ന കൃതി അപൂർവ്വ സുന്ദരരചനാരീതികൊണ്ട് ശ്രദ്ധേയമാണ്.