വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി നടത്തിവന്ന സമരം അവസാനിപ്പിച്ചു.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗം വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. സ്ഥിരം സിനഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വിജയം കണ്ടെന്ന് സമരം നടത്തിയ വൈദികര്‍ പറഞ്ഞു. സിനഡിനു മുന്നില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പുലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉപവാസവും പ്രാര്‍ഥനയും താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് വൈദികര്‍ പറഞ്ഞു. p >
സമരം ആരംഭിച്ച അന്നുതന്നെ വിഷയം പരിഹരിക്കാന്‍ സ്ഥിരം സിനഡില്‍നിന്ന് ഇടപെടലുണ്ടായെന്ന് ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമങ്ങളോടു പറഞ്ഞു.
സമരം തുടങ്ങിയ ദിവസം രാത്രി തന്നെ സ്ഥിരം സിനഡിലെ അംഗമായ തൃശ്ശൂര്‍ അതിരൂപതാ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഫാദര്‍ ജോസ് പുതിയേടത്തിനെയും ഫാദര്‍ സെബാസ്റ്റ്യന്‍ തളിയനെയും തന്നെയും വിളിച്ചു. ചര്‍ച്ചയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ആ ചര്‍ച്ച നിരുപാധികമായി നടത്തണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. അതിന്‍ പ്രകാരം യാതൊരു ഉപാധികളും വെക്കാതെ അത്തരമൊരു ചര്‍ച്ചയ്ക്ക് സിനഡ് തയ്യാറായി.
സ്ഥിരം സിനഡിലെ പിതാക്കന്മാരും മൗണ്ട് സെന്റ് തോമസിലെ പ്രതിനിധികളും അതിരൂപതയിലെ 451 വൈദികര്‍ക്കു വേണ്ടി ഒമ്പത് വൈദികപ്രതിനിധികളുമാണ് വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. അഞ്ചരമണിക്കൂര്‍ ചര്‍ച്ച നീണ്ടുനിന്നു. അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും പറയാനുള്ള മുഴുവന്‍ കാര്യങ്ങളും സിനഡിനെ ബോധ്യപ്പെടുത്തി. ഞങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ മാത്രമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് സാങ്കേതികമായി സാധിക്കുകയുള്ളു- ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു.
വൈദികര്‍ ഉന്നയിച്ച് അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണത്തിനും സിനഡില്‍നിന്ന് ഉറപ്പുലഭിച്ചു. അധ്യക്ഷ പദവിയില്‍നിന്ന് മാര്‍ ആലഞ്ചേരിയെ മാറ്റുന്ന കാര്യം സിനഡ് ചേരുമ്പോള്‍ പരിഗണിക്കും. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് വൈദികരെ വേട്ടയാടുന്ന നടപടിക്ക് കൂട്ടുനില്‍ക്കില്ല, സസ്‌പെന്‍ഷനിലുള്ള സഹായ മെത്രാന്മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വത്തിക്കാന്റെ നിലപാട് പരിഗണിച്ച് തീരുമാനമെടുക്കും തുടങ്ങിയ ഉറപ്പുകളാണ് വൈദികര്‍ക്ക് ലഭിച്ചിട്ടുള്ളത്.