
പ്രതി കൈവിലങ്ങോടെ രക്ഷപെട്ടു, നാല് പോലീസുകാർക്ക് സസ്പെൻഷൻ

ഗുരുവായൂർ : പോലീസ് കസ്റ്റഡിയിൽ കഴിയവേ വധശ്രമക്കേസിലെ പ്രതി കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഫാൻ (30) പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇരു കൈകളിലും ബന്ധിച്ചിരുന്ന വിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് പുന്നയൂർക്കുളത്തെ ബാറിന് മുന്നിൽ വെച്ച് മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ (24) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഷിഫാൻ. ഇയാൾ മുൻപും കാപ്പ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0487-2542390 എന്ന ഫോൺ നമ്പറിൽ പോലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.
