പ്രകൃതി സംരക്ഷണം കാലത്തിൻ്റെ ആവശ്യം: റവന്യൂ മന്ത്രി കെ രാജൻ
ഗുരുവായൂർ : നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 33-ാം വാർഡിലെ തരകൻ ലാസർ കുളം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു.പ്രകൃതി സംരക്ഷണം കാലത്തിൻ്റെ ആവശ്യമാണെന്നും പ്രകൃതി നമുക്കൊരു പാഠം കൂടിയാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം ഇപ്പോൾ നിർവചിക്കാൻ കഴിയാത്ത തരത്തിലാണ്. പ്രളയം പോലുള്ള പല ദുരന്തങ്ങൾ ഉണ്ടാവുന്നതും ഇത്തരത്തിലാണ്. എന്നാൽ അതിനെയെല്ലാം കൂട്ടായി നേരിടാനുള്ള കഴിവ് നമ്മൾ ആർജിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജലസ്രോതസുകളെ സംരക്ഷിക്കേണ്ട ചുമതല തികച്ചും പ്രാദേശിക കൂട്ടായ്മയിലൂടെ നടത്തുന്നത് മികച്ചൊരു സാമൂഹിക കാഴ്ചപ്പാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുളത്തിന് സ്ഥലം വിട്ടുനൽകിയ ലാസർ തരകനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്,
വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ എം ഷഫീർ, എ സായിനാഥൻ, സെക്രട്ടറി പി എസ് ഷിബു, സ്ഥലം വിട്ടുനൽകിയ ലാസർ തരകൻ, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തരകൻ ലാസർ കുളം 23 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കുളം നവീകരണത്തിനായി 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
കുളം നവീകരണത്തിനായി അമൃത് പദ്ധതിയിൽ നഗരസഭയ്ക്ക് അനുവദിച്ച 10 കോടി രൂപയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യത്തെ കുളമാണിത്. കുളത്തിനു ചുറ്റും ഒരു മീറ്റർ ഉയരത്തിൽ കരിങ്കൽ പടവ് , കൽപ്പടവ്, കുളത്തിനു ചുറ്റും 2 മീറ്റർ നടപ്പാത, രണ്ടു തരം വേലികൾ എന്നിവയാണ് നിർമിച്ചിട്ടുള്ളത്.