തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ റെക്കോഡ് പോളിങ് , യുഡിഎഫ് തരംഗമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടന്ന ഒന്നാം ഘട്ടത്തില്‍ റെക്കോഡ് പോളിങ്. ആദ്യഘട്ടത്തിൽ 75 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. അന്തിമ കണക്കെടുപ്പിൽ ഇതിൽ നേരിയ മാറ്റം വന്നേക്കാം. പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ പോളിംഗ് കുറഞ്ഞു നിന്നപ്പോൾ കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചര വരെ തിരുവനന്തപുരം കോർപ്പേറഷനിൽ 59.12 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊല്ലം കോർപ്പറേഷനിൽ 64.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

വൈകുന്നേരം ആറ് മണിക്ക് ലഭ്യമായ ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ ജില്ലകളിലെ പോളിംഗ് നില –

തിരുവനന്തപുരം 69.14
കൊല്ലം 72, 85
പത്തനംതിട്ട 69.36
ആലപ്പുഴ 76.49
ഇടുക്കി 74.03

കൊവിഡ് കാലത്തെ ആദ്യ വോട്ടെടുപ്പിനെ മികച്ച പങ്കാളിത്തത്തോടെ വോട്ടർമാർ വിജയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗ് ദിനത്തിൽ തന്നെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറന്നു. രാവിലെത്തന്നെ ബൂത്തുകളിലേക്ക് ഒഴുകിയ വോട്ടർമാർ സാമൂഹിക അകലമടക്കം പാലിക്കാതെ തിരക്ക് കൂട്ടിയപ്പോൾ ഉദ്യോഗസ്ഥരും പോലീസും കാഴ്ചക്കാരായി. ബൂത്തുകൾക്കുള്ളിൽ മൂന്നു പേർ മാത്രമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല.

കൊവിഡ് ഭീതിക്കിടയിലും സമ്മതിദാന അവകാശം വിനിയോഗിക്കാൻ രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് സിപിഎമ്മിന്റെ ചിഹ്നമുളള മാസ്ക് ധരിച്ചതിന് പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാർ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു.

നിയന്ത്രണങ്ങൾക്ക് നടുവിലും പോളിംഗ് ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാർമാരുടെ തിരക്ക് ദൃശ്യമായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിംഗ് ശതമാനം. 107 വയസ്സുളള സ്വാതന്ത്ര്യസമര സേനാനി കെ അയ്യപ്പൻപിളളയെ പോലെ പ്രായത്തെയും പരിമിതികളേയും വകവയ്ക്കാതെ എത്തിയ നിരവധി വയോജനങ്ങൾ. മാസ്കും സാനിറ്റൈസറും എല്ലാ ബൂത്തുകളിലും സ്ഥിരസാന്നിധ്യമായി. എന്നാൽ സാമൂഹിക അകലം പാലിക്കുന്നത് പേരിന് മാത്രമായിരുന്നു.

കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശ്ശേരി വാർഡിലെ ഒന്നാം നന്പർ ബൂത്തിലാണ് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച പ്രിസൈഡിങ് ഉദ്യോഗസ്ഥ എത്തിയത്. കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് ഈ ഉദ്യോഗസ്ഥ‍യെ മാറ്റി. ആലപ്പുഴയിൽ ബൂത്തിൽ വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന പാര്‍ട്ടികളുടെ പരാതിയെ തുടർന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്‍റിനെ ബൂത്തിൽ നിന്നും പുറത്താക്കി.

വോട്ടെടുപ്പിനിടെ രണ്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വോട്ട് ചെയ്യാനെത്തിയ പുതുപ്പറന്പിൽ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവി കാട് സ്വദേശിയായ ബാലൻ എന്നിവരാണ് മരിച്ചത്. യന്ത്രത്തകരാറിനെ തുടർന്ന് പോളിംഗ് പലയിടത്തും തടസപ്പെട്ടു.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വോട്ടിംഗിനിടെ കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കിളിമാനൂര്‍ മടവൂര്‍ വാര്‍ഡ് ആറിലെ പനപ്പാകുന്ന് സ്കൂളിൽ രണ്ടു മണിക്കൂറോളം വോട്ടിങ് മുടങ്ങി.

അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ അതി ശക്തമായ യു ഡി എഫ് തരംഗമാണ് ദൃശ്യമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .
അഴിമതിയിലും, കൊള്ളയിലും മുങ്ങിക്കുളിച്ച എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലും ഇടതു സര്‍ക്കാരിനെതിരായുള്ള ജനവികാരം അതി ശക്തമായി തന്നെ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .