Madhavam header
Above Pot

കമ്മീഷണറുടെ അറസ്റ്റ് തടഞ്ഞു , സി ബി ഐ ക്ക് മുന്നിൽ ഹാജരാകണം : സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതിനിർദേശിച്ചു .ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി 21ലേക്ക് മാറ്റി.

കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കമ്മീഷണര്‍ക്കും കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 20ന് അകം നോട്ടീസിന് മറുപടി നല്‍കണം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് ഇവര്‍ക്കെതിരായ കേസില്‍ തീരുമാനമെടുക്കും. ഷില്ലോങ്ങില്‍ വെച്ചു വേണം കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെന്നും കോടതി നിര്‍ദേശിച്ചു.

Astrologer

ഇതിനിടെ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി ഉത്തരവ് ധാര്‍മ്മിക വിജയമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊൽക്കത്തയിൽ പറഞ്ഞു . വിധി സ്വാഗതം ചെയ്യുന്നു. കോടതിയോട് നന്ദിയുണ്ട്. ഞങ്ങളുടെ കേസ് ശക്തമാണ്. കേസുമായി സഹകരിക്കില്ല എന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ജുഡീഷ്യറിയോട് തികഞ്ഞ ബഹുമാനമുണ്ട്. രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഹാജരാകാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് രാജീവ് കുമാര്‍ അഞ്ച് കത്തുകള്‍ എഴുതിയതാണ്. നിങ്ങള്‍ക്ക് അത് പരിശോധിക്കാവുന്നതാണ്. അവര്‍ അറസ്റ്റ് ചെയ്യാനാണ് എത്തിയത്. അത് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ആ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് ഞങ്ങളുടെ ധാര്‍മ്മിക വിജയമാണ്. ഞാന്‍ രാജീവ് കുമാറിന് വേണ്ടിയല്ല വാദിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകളാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയിരുന്നത്. ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാതെ കൈമാറണമെന്നാവശ്യപ്പെട്ടുള്ളതാണ് ഒന്ന്. സുപ്രീംകോടതിയുടെ വിധിയും ഉത്തരവുകളും ലംഘിച്ചുവെന്നു കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയാണ് രണ്ടാമത്തേത്.

എന്നാൽ കമ്മിഷണര്‍ തെളിവു നശിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ഒന്നുംതന്നെ സി.ബി.ഐ.യുടെ ഹര്‍ജിയിലില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വാക്കാല്‍ നിരീക്ഷിച്ചിരുന്നു.  തെളിവുനശിപ്പിക്കാന്‍ വിദൂരമായെങ്കിലും ശ്രമിച്ചവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പുനല്‍കിയിരുന്നു.

പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചിരുന്നു. ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മമത ബാനര്‍ജി ആരോപിച്ചു.

മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണയ്ക്ക് രാഹുല്‍ ഗാന്ധി അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പിന്തുണയുമായെത്തി. രാഹുല്‍ ഗാന്ധിയെ കൂടാതെ ബിഹാറിലെ ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍ എന്നിവരും രംഗത്തെത്തി.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിവിശേഷത്തെക്കുറിച്ച് വിശദീകരിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് ഇന്നലെ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നല്‍കി. ചീഫ് സെക്രട്ടറി, ഡി.ജി.പി. എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷം ഇ-മെയിലായാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Vadasheri Footer