ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ഭക്തി സാന്ദ്രമായി
ഗുരുവായൂർ : നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേരു താലപ്പൊലി ആഘോഷിച്ചു. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിക്ക് നാട്ടുകാരുടെ വകയായി താലപ്പൊലി സംഘത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പതിവ് പൂജകള്‍ നേരത്തെ പൂര്‍ത്തികരിച്ച് ക്ഷേത്രനട 11.30ന് അടച്ച ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. വാദ്യ മേളങ്ങളുടെയും മൂന്നാനകളുടെയും അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളി.
ഇന്ദ്രസെന്നാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. പുറത്തേക്ക് എഴുന്നള്ളിപ്പിന് ചോറ്റാനിക്കര വിജയന്‍, വൈക്കം ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും തിരിച്ച് എഴുന്നള്ളിപ്പിന് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും അകമ്പടിയായി. തിരിച്ചെഴുന്നെള്ളിപ്പ് ദീപസ്തംഭത്തിന് മുന്നില്‍ എത്തിയതോടെ വെളിച്ചപ്പാട് സുരേന്ദ്രന്‍ നായര്‍ ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും, ചിലമ്പുമായി ഉറഞ്ഞ് തുള്ളി പറ ചെരിഞ്ഞു. വഴിപാടായി നെല്ല്, അരി, മലര്‍, അവില്‍, പൂവ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച 1,500 ഓളം പറകളാണ് ഭഗവതിക്കായി ഒരുക്കിയിരുന്നത്.
തുടര്‍ന്ന് നാഗസ്വരത്തിന്റെ അകമ്പടിയില്‍ കുളപ്രദക്ഷിണം നടത്തി. രാത്രി പുറത്തേക്കെഴുന്നെള്ളിപ്പിന് ശേഷം കളംപാട്ടും നടന്നു. താല പ്പൊ ലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകചാര്‍ത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം വിശേഷാല്‍ പൂജകള്‍ എന്നിവയുമുണ്ടായിരുന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാപരിപാടികളും അരങ്ങേറിയിരുന്നു. താലപ്പൊലിയോട് അനുബന്ധിച്ച് പൊന്‍വാളും പൊന്നിന്‍ ചിലമ്പുമായി സര്‍വാഭരണ വിഭൂഷിതയായായായിരുന്നു ഭഗവതിയെ അലങ്കരിച്ചിരുന്നത്.