പെരുന്തട്ട ശിവക്ഷേത്രത്തിൽ രണ്ടാം അതിരുദ്രമഹായജ്ഞം ഫെബ്രുവരി ഒന്നിന് തുടങ്ങും
ഗുരുവായൂർ: ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ നടക്കുന്ന രണ്ടാം അതിരുദ്രമഹായജ്ഞം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് അതിരുദ്രയജ്ഞ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു . ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് 11 ദിവസം നീണ്ടു നിൽക്കുന്ന അതിരുദ്രമഹായജ്ഞം നടക്കുക. അതിരുദ്രത്തിന് മുന്നോടിയായി അതിരുദ്ര വിളംബര രഥയാത്ര ജനുവരി 27 ന് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ത്യശൂർ , മലപ്പുറം, പാലക്കാട് ജില്ലകളിലെ അറുപതോളം ക്ഷേത്രങ്ങളിൽ കൂടി സഞ്ചരിച്ച് ജനുവരി 31 ന് 2.30 ന് ഗുരുവായൂർ ക്ഷേത്രനടയിൽ എത്തിചേരും .
തുടർന്ന് രഥഘോഷയാത്ര ഭക്തിപുരസരം ആനയിച്ച് യജ്ഞവേദിയായ പെരുന്തട്ട ക്ഷേത്രത്തിലേക്ക് ആനയിക്കും . തുടർന്ന് വൈകുന്നേരം 4.30 ന് ആചാര്യസ്വീകരണവും ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിനത്ത് ആചാര്യവരണവും നടക്കും . വൈകീട്ട് 7 ന് ക്ഷേത്ര രുദ്രാക്ഷ മണ്ഡപത്തിൽ സാംസ്‌കാരിക സദസ്സ് നടക്കും. സാംസ്‌കാരിക സദസ്സിൽ ആധ്യാത്മിക സാംസ്‌കാരിക രംഗത്തെ വിശിഷ്ടാതിഥികൾ പങ്കെടുക്കും. 31 ന് രാവിലെ 7 മുതൽ 1.30 വരെ ആയിരത്തിലധികം ഭക്തർ പങ്കെടുക്കുന്ന സമ്പൂർണ്ണ നാരായണീയ പാരായണം നടക്കും. പാരായണത്തിന് സ്വാമി കൃഷ്ണാനന്ദ സരസ്വതി ആചാര്യനാകും. ചടങ്ങ് ഇടമന വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 1 മുതൽ 11 വരെ രാവിലെ 4 മുതൽ യജ്ഞശാലയിൽ കലശപൂജയും തുടർന്ന് ശ്രീരുദ്രജപവും കലശാഭിഷേകവും വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം എല്ലാദിവസവും പ്രത്യേക വേദിയിൽ ഭഗവത് സേവയും നടക്കും.
ആദ്യ ദിവസം രാവിലെ 9 മുതൽ ഗുരുവായൂർ ശശിമാരാർ, സുദേവ് കെ.നമ്പൂതിരി എന്നിവർ അവതരിപ്പിക്കുന്ന ഡബിൾ കേളി അരങ്ങേറും രുദ്രാക്ഷ ആധ്യാത്മിക മണ്ഡപത്തിൽ രാവിലെ 10 ന് എൽ ഗിരീഷ്‌കുമാറിന്റെ ഭക്തിപ്രഭാഷണവും രാത്രി 8 മുതൽ കോവൈ ഗോപാലകൃഷ്ണന്റെ ന്യത്തവും അരങ്ങേറും. ഫെബ്രുവരി 2 ന് രാത്രി 8 മുതൽ രാധിക പരമേശ്വരനും സംഘവും അവതരിപ്പിക്കുന്ന വയലിൻകച്ചേരി അരങ്ങേറും.ഫെബ്രുവരി 3 ന് രാവിലെ 10 ന് 121 കൈലാസികളെ ആദരിക്കുന്ന ചടങ്ങ് നടക്കും. രാത്രി 8 ന് ഭജന അരങ്ങേറും എല്ലാദിവസവും രാവിലെ 10 മുതൽ പ്രശസ്തരായ പ്രഭാഷകരുടെ ഭക്തിപ്രഭാഷണം അരങ്ങേറും. ഫെബ്രുവരി 5 ന് രാത്രി 8 ന് കലാമണ്ഡലം രാമചാക്യരുടെ ചാക്യർകൂത്ത് നടക്കും.
ഫെബ്രുവരി 6 ന് രാത്രി 8 ന് ഗുരുവായൂർ ജയപ്രകാശ്, കലാക്ഷേത്ര കൃഷ്ണപ്രസാദ് എന്നിവർ അവതരിപ്പിക്കുന്ന ഡബിൾ തായമ്പക, ഫെബ്രുവരി 8 ന് രാത്രി 8 ന് പ്രദീപ് കുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുളളൽ, ഫെബ്രുവരി 9 ന് ജ്യോതിദാസ് ഗുരുവായൂരും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, ഫെബ്രുവരി 10 ന് രാവിലെ 10 ന് ഗജപൂജയും രാത്രി 8 ന് ജി.കെ പ്രകാശനും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജനയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ അതിരുദ്രയജ്ഞ സമിതി ചെയർമാൻ കിഴിയേടം രാമൻ നമ്പൂതിരി, പെരുന്തട്ട ക്ഷേത്രപരിപാലന സമിതി പ്രസിഡന്റ് കെ അരവിന്ദാക്ഷ മേനോൻ, സെക്രട്ടറി രാമകൃഷ്ണൻ ഇളയത്, ജനറൽ കൺവീനർ ജി.കെ പ്രകാശ്, കോ ഓർഡിനേറ്റർ ആർ പരമേശ്വരൻ, ജയറാം ആലിക്കൽ എന്നിവർ പങ്കെടുത്തു.