പെരിന്തൽമണ്ണ എം എൽ എ.നജീബ് കാന്തപുരം തന്നെ
കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചത്.
348 തപാല്‍ ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചുവെന്നും, ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തപാല്‍ വോട്ടുകളില്‍ 300 ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലബിക്കുമായിരുന്നു എന്നും ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ ഹര്‍ജിയില്‍ വാദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതായത് വലിയ വിവാദമായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിൽ മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽനിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.