രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് രണ്ട് ആഴ്ചത്തെ പരോള്‍
ചെന്നൈ | രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് രണ്ട് ആഴ്ചത്തെ പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
പേരറിവാളനുള്‍പ്പെടെ കേസിലെ ഏഴ് പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്നാട് 2018 സെപ്റ്റംബറിലാണു തീരുമാനിച്ചത്. ഇനിയും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ടിടിഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങിനല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.
<