Madhavam header
Above Pot

തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബർ 8,10,14, വോട്ടെണ്ണൽ ഡിസംബർ 16-ന്.

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. 

കൊവിഡ് സാഹചര്യത്തിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും.

Astrologer

രണ്ടാം ഘട്ടമായി ഡിസംബർ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ പതിനാല് തിങ്കളാഴ്ചയാണ്. അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക. നവംബർ 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

ഡിസംബർ പകുതിയോടെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ക്രിസ്തുമസിന് മുൻപായി പുതിയ ഭരണസമിതികൾ നിലവിൽ വരും. നവംബർ 19-വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20-ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. സ്ഥാനാർത്ഥികളുടെ ചിത്രം അന്ന് തെളിയും. 

തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായവും കമ്മീഷൻ ശേഖരിച്ചതായി വി. ഭാസ്കരൻ പറഞ്ഞു. 

പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചു. 2.72 കോടി വോട്ടർമാരാണുള്ളത്. 1.29 കോടി പുരുഷൻമാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്. ഈ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം അവസരം നൽകി. അവരെ കൂടി ചേർത്ത് നവംബർ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും. 

കൊവിഡ് പൊസീറ്റിവാകുന്നവർക്കും, ക്വാറൻ്റൈനായവർക്കും പോസ്റ്റൽ വോട്ടു ചെയ്യാൻ അവസരമുണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ ബ്രേക്ക് ദ ചെയിൻ പോളിസി നടപ്പാക്കും.

941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് മട്ടന്നൂർ ഒഴികെയുള്ള 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും വിധിയെഴുതും. കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗിന് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും. പുതിയ ഭരണസമിതി വരുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരിക്കും. കൊവിഡ് പ്രതിസന്ധി മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം വീടുകൾ കയറിയുള്ള പ്രചാരണത്തിൽ സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ച് പേരെ പാടുള്ളു. റോഡ് ഷോകളിൽ ഓരോ അരമണിക്കൂറിലും അഞ്ച് വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. പൊതുയോഗമോ റാലിയോ ജില്ലാ മജിസ്ട്രേറ്റ് നിശ്ചയിക്കുന്ന ഗ്രൗണ്ടുകളിൽ സാമൂഹിക അകലം പാലിച്ച് നടത്താം. 80 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പോസ്റ്റൽ ബാലറ്റ് നൽകും. 

കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിൽ കഴിയുന്നവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിംഗ് ബൂത്തിൽ പരമാവധി ആയിരം വോട്ടര്‍മാര്‍ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററിൽ ഒപ്പിടാനും ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്താനും കയ്യുറ നൽകും. പനിയോ, ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര്‍ക്ക് അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്യുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിൽ പറയുന്നു. 

Vadasheri Footer