പട്ടാമ്പിയിൽ കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊടലൂരിൽ കാട്ടുപന്നികളെ തുരത്താൻ സ്ഥാപിച്ച കമ്പി വേലിയിൽ നിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. കൊടലൂർ കടാങ്കോട്ടിൽ പള്ളിയാലിൽ പരേതനായ നാരായണന്റെ മകൻ മണികണ്ഠ(സുന്ദരൻ-40) നാണ് മരിച്ചത്. അവിവാഹിതനാണ്. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കാട്ടു പന്നികൾ കൃഷി നശിപ്പിക്കാതിരിക്കാൻ വൈദ്യുതി കമ്പി കെട്ടിയിരുന്നു. ഇതിൽ നിന്നും ഷോക്കേറ്റാണ് യുവാവ് മരിച്ചത്.

Vadasheri

ചൊവ്വാഴ്ച പുലർച്ചെ വീടിന് മുന്നിലാണ് സംഭവം. കൃഷി സംരക്ഷിക്കാനെന്ന പേരിൽ സ്വകാര്യ വ്യക്തികൾ ജനവാസ സ്ഥലങ്ങളിൽ ഇത്തരം കമ്പിവേലികൾ സ്ഥാപിക്കുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു. ഒരു വർഷമായി ഇത്തരത്തിലുള്ള കമ്പിവേലികൾ കൊടലൂരിൽ പല ഭാഗത്തും ഉണ്ടെന്നും വൈകുന്നേരങ്ങളിൽ ഇത്തരം പ്രദേശങ്ങളിലൂടെയുള്ള വഴി യാത്ര പോലും അപകടകരമാണെന്നും നാട്ടുകാർ പറയുന്നു. പൊതു സ്ഥലങ്ങളെ കൂടി ബാധിക്കുന്ന രീതിയിലാണ് ഇവിടെ വൈദ്യുതി കമ്പികൾ സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പോലീസും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ.ഉൾപ്പെടെ ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു. അമ്മ: മീനാക്ഷി. ഗോപാലകൃഷ്ണൻ, രാജൻ, രമണി, രാധാമണി, ഉഷ എന്നിവർ സഹോദരങ്ങളാണ്.

Astrologer