പണികൾ പൂർത്തിയാക്കാതെ പാലിയേക്കരയിലെ ടോൾപിരിവ് , പരാതിക്കാരന് 10,000 രൂപ നഷ്ടം നല്കുവാൻ വിധി
തൃശൂർ : പണികൾ പൂർത്തിയാകാത്ത റോഡ്, ടോൾ കൊടുത്ത് ഉപയോഗിക്കേണ്ടിവന്നുവെന്നും, വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞു പോകുന്ന രശീതി നല്കിയെന്നും ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ ഇൻഷൂറൻസ് ഇൻവെസ്റ്റിഗേറ്റർ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന തൃശൂരിലെ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും എറണാകുളത്തുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ളിമെൻ്റേഷൻ യൂണിറ്റിനെതിരെയും ഇപ്രകാരം വിധിയായതു്.
ജോർജ് തട്ടിൽ ടോൾ ഫീസ് നൽകി തൃശൂരിൽ നിന്ന് ചാലക്കുടിയിലക്കാണ് യാത്ര ചെയ്യുകയുണ്ടായതു്. തനിക്ക് ലഭിച്ച ബിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്താത്തതും നിയമവിരുദ്ധവും മാഞ്ഞുപോകുന്നതും, പൂർണ്ണമായി റോഡ് പണികൾ പൂർത്തിയാക്കാതെയാണ് ടോൾ പിരിച്ചതെന്നും ജോർജ് തട്ടിൽ യാത്രയിൽ മനസ്സിലാക്കി. സർവ്വീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാതെയും തെരുവ് വിളക്കുകൾ സ്ഥാപിക്കാതെയും പാലത്തിന് മുകളിൽ ഫുട്പാത്ത് യാത്രക്കാർക്ക് സഞ്ചരിക്കുവാൻ സൗകര്യം ഒരുക്കാതെയുമാണ് ടോൾ പിരിക്കുകയുണ്ടായത്. തുടർന്ന് ജോർജ് തട്ടിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. അപ്പോഴേക്കും രശീതി മാഞ്ഞുതുടങ്ങിയിരുന്നു. ഹർജി തെളിവിനായി പരിഗണിച്ച വേളയിൽ രശീതി സമ്പൂർണ്ണമായി മാഞ്ഞുപോയിരുന്നു. രശീതിയുടെ കാലാവധി 24 മണിക്കൂർ മാത്രമാണെന്നും അതുകൊണ്ടുതന്നെ രശീതി മാഞ്ഞു പോകുന്നുവെന്ന വാദത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു എതിർകക്ഷികളുടെ വാദം.
കോടതി ഇത് മുഖവിലക്കെടുത്തില്ല. കൃത്യമായി വിവരങ്ങൾ ഉൾക്കൊള്ളിക്കാതെ മാഞ്ഞു പോകുന്ന ബിൽ നൽകിയ നടപടി തെറ്റാണെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരൻ യാത്ര ചെയ്തിരുന്ന സമയത്ത് റോഡ് സംബന്ധമായ പണികൾ പൂർത്തിയായിരുന്നില്ലെന്നും കോടതിയിൽ തെളിയിക്കപ്പെട്ടു. 90% പണികൾ പൂർത്തിയായിരുന്നുവെന്ന് കോടതി വിലയിരുത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി ടോൾ തുകയായി ഈടാക്കിയ 55 രൂപയിൽനിന്ന് 10% പണികൾ പൂർത്തിയാക്കാത്തതിൻ്റെ അടിസ്ഥാനത്തിൽ ആറ് രൂപ തിരികെ നൽകുവാനും എതിർകക്ഷികളുടെ സേവനവീഴ്ചക്ക് നഷ്ടപരിഹാരമായി 10000 രൂപ നൽകുവാനും ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന മായാത്ത ബില്ലുകൾ ഒരുമാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നും കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.