പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം ജൂലായ് 3 ന്
ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 – )o ജൂബിലി വർഷത്തോടനുബന്ധിച്ച് 2022 ജൂലായ് 3 ന് ഞായറാഴ്ച പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം നടത്തുന്നു. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോ പോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കും.
ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജെയ്ക്കബ് തൂങ്കുഴി, .ഡോ വർഗീസ് ചക്കാലക്കൽ (കെ സി ബി സി വൈസ് പ്രസിഡണ്ട് ), .ഡോ സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരി (മലേഷ്യയിലെ പെനാൻ രൂപതാധ്യക്ഷൻ,), മാർ ടോണി നീലങ്കാവിൽ , മാർ പോൾ ആലപ്പാട്ട് (രാമനാഥപുരം രൂപതാധ്യക്ഷൻ ), പൗരസ്ത്യ കൽദായ സുറിയാനി മെത്രാപോലീത്തമാർ അപ്രേം, കേരള റവന്യൂ വകുപ്പുമന്ത്രി കെ രാജൻ, വികാരി ജനറാൾമാരായ മോൺ. ജോസ് വല്ലൂരാൻ, മോൺ ജോസ് കോനിക്കര , മോൺ. ജിജോ ചാലക്കൽ (വികാരി ജനറാൾ പാലക്കാട് രൂപത), മോൺ. ജോസ് മഞ്ഞളി (വികാരി ജനറാൾ ഇരിങ്ങാലക്കുട രൂപത), ഫാദർ ഡൊമിനിക് തലക്കോടൻ, ഫാദർ ഡേവിസ് കണ്ണമ്പുഴ , മറ്റു വിശിഷ്ടാതിഥികൾ പങ്കെടുക്കുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വിശിഷ്ടാതിഥികളെ പാലയൂർ തീർത്ഥകേന്ദ്രത്തിന്റെ കവാടത്തിൽ വെച്ച് സ്വീകരിച്ച് ആനയിക്കും. 2.45 ന് തീർത്ഥകേന്ദ്രത്തിന്റെ തർപ്പണ തിരുനാളിന്റെ കൊടികയറ്റം . തുടർന്ന് പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി.സ്റ്റേജിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ദിവ്യബലി നടത്തുന്നത്. മുഖ്യ കാർമ്മികൻ മാർ ആൻഡ്രൂസ് താഴത്ത് ആയിരിക്കും. വത്തിക്കാൻ പ്രതിനിധി അപ്പസ്തോലിക് നൂൺഷ്യോ ലെയോ പോൾദോ ജിറേല്ലി തോമാശ്ലീഹായുടെ തിരുശേഷിപ്പു കൊണ്ടുള്ള ആശീർവ്വാദം നൽകും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന വിശ്വാസ പ്രതിജ്‌ഞ ചൊല്ലി കൊടുക്കും. 300-ഓളം പേരടങ്ങുന്ന ഗായകസംഘം സമൂഹ ദിവ്യബലിക്കു ഗാനങ്ങൾ ആലപിക്കും. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി ദിവ്യബലിക്കു ശേഷം ചേരുന്ന മഹാ ജൂബിലി വിശ്വാസ സംഗമം പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിക്കും.