പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘമാണ് പാലത്തിൽ പരിശോധനയ്ക്ക് എത്തിയത്. രൂപകൽപ്പനയിൽ തുടങ്ങി നിര്‍മ്മാണത്തിൽ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ കണ്ടെത്തൽ.
പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കഴിഞ്ഞ ദിവസം ഇതെ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മ്മാണത്തിൽ വൻ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തിൽ വിജലൻസ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു. വൻകിട കരാറുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കിറ്റ്കോയ്ക്കായിരുന്നു പാലത്തിന്‍റെ നിര്‍മ്മാണ ചുമതല.
52 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന് രണ്ടര വർഷം മാത്രമാണ് പഴക്കമുള്ളത്. പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. പാലത്തിന്‍റെ എക്സ്പാൻഷൻ ജോയിന്‍ററുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിർമ്മാണ ചെലവ് കുറയ്ക്കാൻ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിർമാണ രംഗത്തെ വിദഗ്ധര്‍ പറയുന്നു.