ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ആനകുളം ശുചീകരിക്കുന്നു

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആനക്കോട്ടയിലെ ആനക്കുളം ശുചീകരിക്കുന്നു. കാലങ്ങളായി പായലുമൂടി കിടക്കുന്ന കുളം ശുചീകരിക്കാന്‍ ഒന്നര ലക്ഷം രൂപയ്ക്ക് ഗുരുവായൂര്‍ ദേവസ്വം കരാര്‍ നല്‍കി. കഴിഞ്ഞ ദിവസം കരാറുകാര്‍ ആനക്കോട്ടയിലെത്തി കുളം സന്ദര്‍ശിച്ചു. ആനക്കോട്ടയിലെ 48 ആനകള്‍ക്കും കുളിക്കാനുള്ള വെള്ളത്തിന് ഇപ്പോള്‍ ക്ഷാമമാണ്. കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ആനകള്‍ക്കു കുളിക്കാന്‍ വലിയ അളവുവെള്ളം വേണം. ആനക്കോട്ടയിലെ കിണറുകളിലുള്ള വെള്ളം തികയാതെ പുറത്തുനിന്നു വാങ്ങുകയാണിപ്പോള്‍.
എല്ലാ ആനകള്‍ക്കും രണ്ടുനേരം വിസ്തരിച്ചകുളിയുണ്ട്. ടാങ്കുകളില്‍ സംഭരിച്ചുവെയ്ക്കുന്ന വെള്ളം ഹോസുപയോഗിച്ചാണ് ആനകളെ കുളിപ്പിക്കുന്നത്. ആനക്കുളം നേരെയാക്കിയാല്‍ ആനകളുടെ വിസ്തരിച്ച നീരാട്ട് പുനരാരംഭിക്കാം. കിണറ്റുവെള്ളം ലാഭിക്കുകയും ചെയ്യാം. കുളത്തിലെ നീരാട്ട് ആനകള്‍ക്ക് വ്യായാമവുംകൂടിയാണ്. ചെളിയും പായലും നീക്കുകയും ആഴം കൂട്ടുകയും ചെയ്താല്‍ ആനക്കുളം മികച്ച ജലാശയമാക്കിമാറ്റാമെന്നാണ് ദേവസ്വം കരുതുന്നത്