പാൽ വിൽപനക്കാരിയായ സ്ഥാനാർഥി അരിത ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്ന് നടൻ സലീംകുമാർ
കൊച്ചി ∙ കായംകുളത്ത് യുഡിഎഫ് രംഗത്തിറക്കിയ അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്ന് പ്രഖ്യാപിച്ച് നടൻ സലീംകുമാർ. ഹൈബി ഈഡൻ എംപിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ചുറ്റുപാടിൽനിന്നും പഠിച്ചുവളർന്ന അരിതയുടെ ജീവിതകഥ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇത് കേട്ടറിഞ്ഞാണു സലീംകുമാറിന്റെ ഇടപെടൽ.
മണ്ഡലത്തിൽ അരിതയ്ക്കായി വോട്ടുചോദിച്ച് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന അരിത പശുവിന്റെ പാൽ വിറ്റാണ് ഉപജീവനത്തിനും പഠനത്തിനും വഴി കണ്ടെത്തിയതെന്ന് മുല്ലപ്പള്ളി സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. അഭിമാനത്തോടെ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർഥി എന്ന വിശേഷണവും അദ്ദേഹം അരിതയ്ക്കു നൽകി. വീണ്ടും പോരാട്ടത്തിന് ഇറങ്ങുന്ന പ്രതിഭയെയാണ് അരിത നേരിടുന്നത്.
ഹൈബി ഈഡന്റെ കുറിപ്പ്:
നടൻ സലീം കുമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പറ്റി ചോദിച്ചു. പശുവിനെ വളർത്തി പാൽ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിതകഥ ഹൃദയഭേദകമാണ്. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക കൂടുതൽ മികവുറ്റതാകുന്നത്.
അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്കു പോയാണു തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലീംകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അരിതയ്ക്കു കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്നും കായംകുളത്തു പ്രചാരണത്തിനെത്താമെന്നും സലീംകുമാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസ്സിനു നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ.