പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ
നിലമ്പൂർ: കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവാഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. എം.എൽ.എയെ കൂടാതെ കണ്ടാലറിയുന്ന ഡി.എം.കെ പ്രവർത്തകരായ 10 പേര്‍ക്കെതിരെയാണ് കേസ്. എം.എൽ.എയുടെ ഒതായിയിലെ വീട്ടിലും പരിസരത്തുമായി വൻ പൊലീസ് സന്നാഹം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിക്കണമെന്ന് പി.വി. അൻവർ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.തനിക്കെതിരെ ഗൂഡാലോചന ഉണ്ടെന്നും എത്രയോ കാലമായി പിണറായിയും പി. ശശിയും തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ അതിന് വഴങ്ങുമെന്നും താൻ നിയമസഭാ സാമാജികനാണെന്നും അറസ്റ്റിന് മുന്നേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു ജില്ലയിലെ പൊലീസ് സന്നാഹം ഒന്നാകെ തന്‍റെ വീടിന് മുന്നിലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പൊലീസ് മന്ത്രിയായ പിണറായി പറയുന്നത് അനുസരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ 11.30ഓടെ എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ ഡി.എം.കെ പ്രവർത്തകരാണ് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് തകർത്തത്. ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം പെട്ടെന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയായതിനാൽ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രതിഷേധക്കാർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ടുപൊളിച്ച് അകത്ത് കയറി കസേര, ബൾബ് എന്നിവ തല്ലിത്തകർത്തു. ശേഷം കൊല്ലപ്പെട്ട ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രിക്കു മുന്നിൽ വൻ സന്നാഹത്തോടെ പൊലീസ് മാർച്ച് തടഞ്ഞു. മാർച്ചിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പി.വി. അൻവർ രൂക്ഷവിമർശനം നടത്തി. മന്ത്രി വിശ്വസിക്കാൻ കൊള്ളാത്തവനെന്ന് അദ്ദേഹം പറഞ്ഞു. രാത്രി 10.30ഓടെ മരിച്ച മണിയുടെ പോസ്റ്റ്മോർട്ടം വൈകിയതിൽ പൊലീസിനെയും വിമർശിച്ചു. മണിയോടുള്ള ആദരവ് രേഖപ്പെടുത്തി ഞായറാഴ്ചത്തെ തന്‍റെ ജനകീയ മാർച്ച് മാറ്റിവെച്ചതായും പി.വി. അൻവർ പറഞ്ഞു.
വനം ഓഫിസ് തല്ലിത്തകർത്ത സംഭവത്തിൽ മൂന്ന് ഡി.എം.കെ പ്രവർത്തകരെ ജില്ല ആശുപത്രിക്കു മുന്നിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുധീർ പുന്നപ്പാല, ഷൗക്കത്ത് പനമരം, മുസ്തഫ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടു. കരുളായി നെടുങ്കയത്ത് കാട്ടാന ആക്രമണത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മാഞ്ചീരി പൂച്ചപ്പാറ നഗറിലെ കരിയന്റെ മകൻ മണിയാണ് (35) മരിച്ചത്. കരുളായിയിൽനിന്ന് 25 കിലോമീറ്റർ ഉൾവനത്തിൽ ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. രോഗിയായ മൂത്ത മകൾ മീനാക്ഷിയെ തോളിലേറ്റി പോകുന്നതിനിടെയാണ് മണി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ടാക്സി ജീപ്പിൽ കണ്ണിക്കൈ ഭാഗത്ത് ഇറങ്ങി കരിമ്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപ്പാറയിലേക്ക് നടന്നുപോവുകയായിരുന്നു മണി. ആനയുടെ ആക്രമണത്തിനിടെ മീനാക്ഷി ദൂരേക്ക് തെറിച്ചുവീണു. മണിയുടെ കൂടെയുണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ, മനീഷ്, ബിജു, വിജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു.
ആന ആക്രമിച്ച വിവരം ഓടിരക്ഷപ്പെട്ടവർ ജീപ്പ് ഡ്രൈവറെ അറിയിച്ചു. തുടർന്ന് വനപാലകർക്കും പൊലീസിനെയും അറിയിച്ചു. പരിക്കേറ്റ മണിയെ സഹോദരൻ അയ്യപ്പൻ ഒന്നര കിലോമീറ്ററോളം എടുത്താണ് കണ്ണിക്കൈയിലെത്തിച്ചത്. പിന്നീട് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.