പി എസ് ശ്രീധരന്‍പിള്ള ഇനി മിസോറാം ഗവര്‍ണര്‍

Above article- 1

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ പിഎസ് ശ്രീധരന്‍പിള്ളയെ ബിജെപി നേതൃത്വം മിസോറോമിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.

നേരത്തെ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കുമ്മനം പിന്നീട് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. മിസോറാമിന്‍റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും നേരത്തെ മിസോറാം ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Astrologer

ശ്രീധരൻ പിള്ളക്ക് ഒപ്പം കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിനും ലഡാക്കിനു ലഫ്.ഗവര്‍ണര്‍മാരെയും നിയമിച്ചു. മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരായ ഗിരീഷ് ചന്ദ്ര മുർമ്മു ജമ്മുകശ്മീർ ലഫ്.ഗവർണറും രാധാകൃഷ്ണ മാത്തൂർ ലഡാക്ക് ലഫ്. ഗവര്‍ണറുമാകും. ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായും നിയമിച്ചു. മാലിക്കിന്‍റെ ചില പ്രസ്താവനകൾ സ്ഥാനമാറ്റത്തിന് കാരണമായതെന്നാണ് സൂചന. ജമ്മു കശ്മീ‍ർ ലഫ്.ഗവണറാകുന്ന ഗീരീഷ് ചന്ദ്ര മുർമ്മു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തരിൽ ഒരാളാണ്

Vadasheri Footer