മോഷണക്കേസിലെ പ്രതി സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത രാജിവെച്ചു
ഒറ്റപ്പാലം: നഗരസഭ ഒാഫിസിലെ പണാപഹരണ കേസില്‍ പ്രതിയായ വിദ്യാഭ്യാസ, കലാകായിക സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത രാജിവെച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ സ്ഥാനം ഒഴിയുന്നതായി കാണിച്ച് രാജിക്കത്ത് നല്‍കുകയായിരുന്നു. രാജി സ്വീകരിച്ച നഗരസഭ സെക്രട്ടറി കൊച്ചിയിലെ നഗരകാര്യ റീജനല്‍ ജോയന്‍റ് ഡയറക്ടര്‍ക്ക് മെയില്‍ വഴി അയച്ചതായി സൂപ്രണ്ട് അറിയിച്ചു.
സ്ഥിരംസമിതി അധ്യക്ഷ പദവി രാജിവെച്ചെങ്കിലും സുജാത കൗണ്‍സിലറായി തുടരുമെന്നാണ് സൂചന. നഗരകാര്യ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച രാവിലെ 11ന് അവിശ്വാസ വേട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു.ജൂണ്‍ 20ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലതയുടെ ഔദ്യോഗിക മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് 38,000 രൂപ മോഷ്ടിച്ച കേസിലാണ് സുജാതയെ പൊലീസ് പ്രതി ചേര്‍ത്തത്. ഇതേതുടര്‍ന്ന് സി.പി.എം പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. സുജാതയുടെ രാജി ആവശ്യപ്പെട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും മറ്റു രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭത്തിലാണ്. ഇതുകാരണം അതീവ ഗൗരവമുള്ള അജണ്ടകള്‍ പോലും അംഗീകരിക്കാനാവാതെ നഗരസഭ ഭരണം പ്രതിസന്ധിയിലാണ്.
വിദ്യാഭ്യാസ സ്ഥിരംസമിതിയിലെ കോണ്‍ഗ്രസ് പ്രതിനിധികളായ മനോജ് സ്റ്റീഫന്‍, രൂപ ഉണ്ണി എന്നീ കൗണ്‍സിലര്‍മാര്‍ നല്‍കിയ നോട്ടീസ് പരിഗണിച്ചാണ് നഗരകാര്യ റീജനല്‍ ജോയന്‍റ് ഡയറക്ടര്‍ ബുധനാഴ്ച അവിശ്വാസം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. സുജാത പ്രതിയെന്ന് കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച കാട്ടിയെന്നാരോപിച്ച് ഒറ്റപ്പാലം എസ്.ഐ വിപിന്‍ കെ. വേണുഗോപാലിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ പരാതിക്കാരിയും പ്രതിയും ചേര്‍ന്ന് പണം ലഭിച്ചെന്നും പരാതി കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും ചെയ്തു.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സുജാത നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം രാജിവെക്കാതെ തുടരുന്നതില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. അസോസിയേഷന്‍ ഏരിയ കമ്മിറ്റിയില്‍നിന്നും ജില്ല സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്നും നേരത്തേ തന്നെ ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചിരുന്നു.