ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂളിലെ റാംഗിങ്; നടപടിയില്ലെന്ന് രക്ഷിതാക്കള്‍
ചാവക്കാട് : ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജിക്കടക്കം പരാതി നല്‍കി ഒരു മാസത്തോളമായിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സ്‌കൂള്‍ അധികൃതര്‍ ഗേറ്റ് തുറന്നുകൊടുത്ത് പുറമേ നിന്നുള്ള ക്രിമിനലുകളെ സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കുകയും അവര്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയുമായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആശുപത്രിയിലേക്ക് അതിക്രമിച്ചുകയറിയ സംഘം സുല്‍ത്താന്‍ എന്ന വിദ്യാര്‍ത്ഥിയെ അവിടെവെച്ചും മര്‍ദ്ദിക്കുയും പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇക്കാര്യം ആശുപത്രി അധികൃതര്‍ തന്നെ പോലീസിനെ അറിയിച്ചെങ്കിലും അതിലും തുടര്‍നടപടികളുണ്ടായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനത്തില്‍ റാംഗിങ് നടന്നാല്‍ പോലീസിനെ അറിയിക്കാന്‍ ഉത്തരവാദിത്വമുള്ള മാനേജ്‌മെന്റ് അക്കാര്യം ചെയ്തില്ലെന്ന് മാത്രമല്ല റാഗിംങിന് ഇരയായ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുന്ന വിചിത്രമായ നിലപാടാണ് സ്വീകരിച്ചത്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂളിന് മുന്നില്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നാണ് ഈ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് പരാതി ലഭിച്ചിട്ടും കുറ്റക്കാരയാവര്‍ക്കെതിരെയും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കാന്‍ പോലീസും തയ്യാറാകാത്തത് വലിയ ആക്ഷേപത്തിന് വഴിവെച്ചിട്ടുണ്ട്. കുട്ടികളുടെ മൊഴിയെടുത്ത പോലീസ് റാംഗിങ് എന്ന പദപ്രയോഗം ഒഴിവാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 19 ന് ഐജിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.