ഓണം ബമ്പർ 12 കോടി രൂപ അടിച്ചത് കൊച്ചി കടവന്ത്ര സ്വദേശി അനന്തുവിന്
കൊച്ചി: ഓണം ബമ്പര്‍ അടിച്ച കേരളം തിരയുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശി അനന്തു എന്നയാൾക്ക് ആണ് ഇത്തവണത്തെ12 കോടിയുടെ ഓണം ബമ്പര്‍ ലഭിച്ചത്. 24 വയസുകാരനായ അനന്തു ദേവസ്വം ജീവനക്കാരനാണ്. അനന്തു എടുത്ത TB173964 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.
കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമെന്നും ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റതെന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.
ഓഗസ്റ്റ് 4 മുതലാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബമ്പർ പുറത്തിറക്കിയിട്ടുളളത്.12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചുവെന്നും അതിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിക്കുകയും ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ശനിയാഴ്ചയും തുറന്ന് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ നിലവിലെ റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
<
<