പുന്ന നൗഷാദ് വധം , അറസ്റ്റിലായ മുഖ്യ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതി എസ് ഡി പി ഐ യുടെ പ്രാദേശിക നേതാവ് മുബീൻ (28 ) നെ കോടതി റിമാൻഡ് ചെയ്തു . ശനിയാഴ്ച രാത്രി അറസ്റ്റ് കാണിച്ച പ്രതിയെ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത് മുബീനിനെ വിയ്യൂർ ജയിലിലേക്ക് മാറ്റും.പ്രതിയുമായി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ വൈദ്യ പരിശോധനക്ക് ശേഷം ചാവക്കാട് മജിസ്‌ട്രേറ്റ് അവധി ആയതിനാൽ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ്ന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതക ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെടുത്തു . വെട്ടാൻ ഉപയോഗിച്ച ആയുധം അവിയൂരിലെ കുറ്റി കാട്ടിൽ നിന്നും കണ്ടെത്തി. ഇയാളിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ മുബീൻ വെളിപ്പെടുത്തിയിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ നൗഷാദിന്റെ സംഘം ആക്രമിച്ചതാണ് കൊലയ്ക്കു കാരണമെന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യൽ നടത്താനുള്ള ശ്രമത്തിലാണ് പോലീസ് .അഞ്ചാറ് വർഷം മുൻപ് എടക്കഴിയൂരിൽ യുവാവിന്റെ കാൽ വെട്ടിയ കേസിലെ പ്രതിയായിരുന്നു മുബിൻ . ഡൽഹിയിൽ നടന്ന എസ് ഡി പി ഐ ക്യാമ്പിൽ പങ്കെടുത്ത് ഏതാനും ദിവസം മുൻ പാണ് മുബിൻ വീട്ടിലെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
നൗഷാദിന്റെ സ്വാധീനം കാരണം എസ്ഡിപിഐയിൽ നിന്ന് നിരവധി യുവാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും നൗഷാദിനോടുള്ള പക കൂടാൻ ഇടയാക്കി. എസ്ഡിപിഐ പ്രാദേശിക നേതൃത്വത്തിൽ ചിലരുടെ അറിവോടെ ആയിരുന്നു ആക്രമണം. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ കുടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏഴു ബൈക്കുകളിലായെത്തിയ 13 അംഗ സംഘം നൗഷാദ് അടക്കം നാലു പേരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ നൗഷാദ് ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു