Madhavam header
Above Pot

ജ്ഞാനപീഠപുരസ്കാരം മഹാകവി അക്കിത്തത്തിന്

ദില്ലി: ഈ വർഷത്തെ ജ്ഞാനപീഠപുരസ്കാരം മഹാകവി അക്കിത്തത്തിന്. ഈ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി.
”വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന് ഏതാണ്ട് 61 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്‍റെ ആത്മീയത. മലയാളകവിതയുടെ ദാർശനികമുഖമായി അദ്ദേഹത്തിന്‍റെ കവിതകളും.

പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18-നാണ് അച്യുതൻ നമ്പൂതിരിയുടെ ജനനം. വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്‍റെയും മകൻ. ചെറുപ്പത്തിൽത്തന്നെ സംസ്കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും അവഗാഹം തേടി. വി ടി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തിൽ യോഗക്ഷേമസഭയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായി.

Astrologer

1956 മുതൽ കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിന്‍റെ എഡിറ്ററാണ്. 1985-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാൽപ്പത്തിയാറോളം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രധാനം ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം തന്നെ. ബലിദർശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദർശനം, മനഃസ്സാക്ഷിയുടെ പൂക്കൾ, അരങ്ങേറ്റം, പഞ്ചവർണ്ണക്കിളി, സമത്വത്തിന്‍റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹമെഴുതി. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളെഴുതി. ”ഈ ഏട്ത്തി നൊണേ പറയൂ”, എന്ന കുട്ടികൾക്കുള്ള നാടകം പ്രശസ്തമാണ്.

ബലിദർശനത്തിന് 1972-ൽ കേരളസാഹിത്യ അവാർഡ് ലഭിച്ചു. പിന്നാലെ 1973-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും. ഓടക്കുഴൽ, സഞ്ജയൻ, എഴുത്തച്ഛൻ പുരസ്കാരങ്ങളടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
ചിത്രകാരൻ അക്കിത്തം നാരായണന്‍ സഹോദരനാണ് . മകൻ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

Vadasheri Footer