
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വെച്ചു

സന: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.

ഈ മാസം പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് വധശിക്ഷ മാറ്റിവച്ചുവെന്നാണ്. പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത് എന്നാണ് വിവരം. യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. തലാലിന്റെ സഹോദരനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമര്‍ വിഷയത്തില്‍ ഇടപെട്ടത്.