അമ്മയുടെയും മകളുടെയും തീകൊളുത്തി മരണത്തിൽ വഴിത്തിരിവ് , ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മരണത്തിന് കാരണം ഭര്‍ത്താവും അമ്മായിഅമ്മയും ബന്ധുക്കളുമാണ് എന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബ പ്രശ്‌നം കാരമാണ് ആത്മഹത്യ എന്നാണ് അമ്മ ലേഖയുടേയും മകള്‍ വൈഷ്ണവിയുടേയും കുറിപ്പില്‍ പറയുന്നത്.
ഇത് പ്രകാരം ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ, അമ്മയുടെ സഹോദരി, ഭര്‍ത്താവ് എന്നിങ്ങനെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയില്‍ ആയിരുന്നു ആത്മഹത്യാക്കുറിപ്പ്. ബാങ്ക് വീട് ജപ്തി ചെയ്യും എന്ന അവസ്ഥ എത്തിയിട്ടും ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മാത്രമല്ല സ്ത്രീധനത്തിന്റെ പേരിലുളള പീഡനങ്ങള്‍ക്കും ലേഖ നിരന്തരം ഇരയായിട്ടുണ്ട് എന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.
ഭര്‍ത്താവിന്റെയും അമ്മായി അമ്മയുടേയും ചില ബന്ധുക്കളുടേയും പേരുകള്‍ കരി ഉപയോഗിച്ച് ചുവരില്‍ എഴുതിയിട്ടുണ്ട്. കത്തില്‍ പറയുന്ന പേരുകള്‍ ചന്ദ്രന്‍, അമ്മയായ കൃഷ്ണമ്മ, ഇവരുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരുടെ പേരുകളാണ്. ലേഖയുടെ കയ്യക്ഷരത്തില്‍ എഴുതിയിട്ടുളള കത്തില്‍ ഏറെ നാളുകളായി ചന്ദ്രനും കൃഷ്ണമ്മയും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണ് എന്ന് ആരോപിക്കുന്നുണ്ട്.
ഭര്‍ത്താവായ ചന്ദ്രന്‍ രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നുവെന്നും കൃഷ്ണമ്മ തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ബാങ്ക് ലോണ്‍ അടക്കാന്‍ വൈകിയത് കൊണ്ട് വീട് ജപ്തി ചെയ്യും എന്നുളള അവസ്ഥയില്‍ എത്തിയപ്പോള്‍ ലേഖയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇതുവരെ ആരോപിക്കപ്പെട്ടത്. കാനറ ബാങ്കിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ബാങ്ക് ആക്രമിക്കപ്പെടുകയും ചെയ്തു.
വീട് നിര്‍മ്മിക്കാനായി 15 വര്‍ഷം മുന്‍പ് ബാങ്കില്‍ നിന്നും കടമെടുത്ത 5 ലക്ഷം രൂപ ഇതുവരെ മുഴുവനായും തിരിച്ച് അടച്ചിട്ടില്ലായിരുന്നു. തിരിച്ചടവിന് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് തീരാനിരിക്കുകയും ബാങ്ക് ഇന്ന് ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അമ്മയേയും മകളേയും ബാങ്ക് നടപടികള്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്നാണ് ചന്ദ്രന്‍ ഇതുവരെ ആരോപിച്ചിരുന്നത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ ബാങ്ക് ജപ്തിയെക്കുറിച്ച് പറയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍