മട്ടാഞ്ചേരി സിഐയായി നവാസ് ചുമതലയേറ്റു .എ സി പി ക്കെതിരെ മേജർ രവി രംഗത്ത്
കൊച്ചി: മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ട് നിന്ന എറണാകുളം സെൻട്രൽ സിഐ വി എസ് നവാസിനെതിരെ തത്കാലം വകുപ്പുതല നടപടിയില്ല. മുൻ നിശ്ചയിച്ച പ്രകാരം നവാസ് മട്ടാഞ്ചേരി സിഐയായി ചുമതലയേറ്റു .മട്ടാഞ്ചേരിയിൽ അസിസ്റ്റന്‍റ് കമ്മീഷണാറായുള്ള പിഎസ് സുരേഷിന്‍റെ സ്ഥലംമാറ്റത്തിലും മാറ്റമില്ലെന്നാണ് തീരുമാനം.
മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സ്റ്റേഷൻ ചുമതല വഹിക്കുന്ന ഓഫീസർ അധികാര പരിധി വിട്ടുപോകാൻ പാടില്ലെന്നാണ് സർവീസ് ചട്ടം. ഇത് ലംഘിച്ചാണ് സിഐ നവാസ് ആരെയും അറിയിക്കാതെ മൂന്ന് ദിവസം തമിഴ്നാട്ടിലേക്ക് പോയത്. ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയ്ക്ക് സാധ്യതയുണ്ടായിരുന്നെങ്കിലും തത്കാലം നടപടി വേണ്ടെന്നാണ് ആഭ്യന്തര വകുപ്പ് തീരുമാനമെന്നാണ് വിവരം.
ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നതോടെ സിഐ നവാസിനെയും ആരോപണവിധേയനായ പിഎസ് സുരേഷിനെയും സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെ വിളിച്ചു വരുത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുൻ നിശ്ചയിച്ച പ്രകാരം ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കുമെന്ന് ഇരുവരും പ്രതികരിച്ചത്. നവാസുമായി യാതൊരു പ്രശ്നവുമില്ലെന്നും വർഷങ്ങളായി സുഹൃത്തുക്കൾ ആണെന്നും പിഎസ് സുരേഷ് പറഞ്ഞു. ബാക്കി കാര്യങ്ങൾ നവാസിനോട് തന്നെ ചോദിക്കണമെന്നും പിഎസ് സുരേഷ് പറഞ്ഞു.
സർവീസിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡീഷണൽ കമ്മീഷണർ കെ പി ഫിലിപ്പിന് നവാസ് കത്തു നൽകിയിരുന്നു . എസിപി മോശമായി പെരുമാറിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് താൻ നാടുവിട്ടതെന്നാണ് വിഎസ് നവാസ് മേലുദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ഡിസിപി പൂങ്കുഴലി അന്വേഷണം നടത്തി വരികയാണ്.
ഇതിനിടെ എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടനുമായ മേജര്‍ രവി രംഗത്ത് . തന്റെ സഹോദരന്റെ ഭാര്യയെ എ.സി.പി കയറി പിടിച്ചെന്നും ,മോശമായി പെരുമാറിയുമെന്നാണ് മേജര്‍ രവി ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് എ.സി.പി സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുമൂലം സഹോദരന്‍ ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും മേജര്‍ രവി വെളിപ്പെടുത്തി. പി.എസ് സുരേഷ്‌കുമാര്‍ പട്ടാമ്ബിയില്‍ സി.ഐ ആയിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
എ.സി.പിക്ക് സഹോദരന്റെ കുടുംബവുമായുള്ള ബന്ധമാണ് അയാള്‍ ദുരുപയോഗം ചെയ്തത്. സുരേഷ് കുമാറില്‍ നിന്നും ഈ അനുഭവം ഉണ്ടായതിനെത്തുടര്‍ന്ന് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയാറായില്ല. ഇനിയും ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേജര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്.