”നമ്മള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു

ചാവക്കാട്: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ചാവക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആദരിക്കുമെന്ന് ”നമ്മള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” പ്രസിഡന്റ് ആര്‍.വി.സി.ബഷീര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.ജൂണ്‍ ഒമ്പതിന് ചാവക്കാട് നഗരസഭാ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്യും.മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി ആദരിക്കും. ഉന്നതവിജയം നേടിയ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും.ഖത്തറിലെ ചാവക്കാട്ടുകാരായ പ്രവാസികളുടെ സംഘടനയായ ”നമ്മള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” പാവറട്ടിയിലെ ആസ്പയര്‍ ക്ലാസസ് എന്ന വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രവാസികള്‍ക്കായി പുനരധിവാസം സ്‌നേഹപൂര്‍വ്വം, കുടുംബ സുരക്ഷാ പദ്ധതി എന്നീ രണ്ട് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സംഘടനയുടെ നേറ്റീവ് കോര്‍ഡിനേറ്റര്‍ പി.പി.അബ്ദുള്‍ സലാം പറഞ്ഞു.പാവറട്ടി ആസ്പയര്‍ ഡയറക്ടര്‍ എ.രാധാകൃഷ്ണന്‍,കെ.എ.അബ്ദുള്‍ റമീസ് എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.