Madhavam header
Above Pot

കുറ്റിപ്പുറം പാതയിൽ മുണ്ടൂരിലെ കുപ്പി കഴുത്ത് പരിഹരിക്കാൻ ശ്രമിക്കും : മന്ത്രി റിയാസ്

തൃശൂര്‍ : തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാത 69 ൽ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റര്‍ റോഡിലെ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്ന കുപ്പിക്കഴുത്ത് പരിഹരിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്നപരിഹാരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Astrologer


ഈ പ്രദേശത്തെ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സബ്മിഷനിൽ എം എൽ എ സേവിയർ ചിറ്റിലപിള്ളി ഉന്നയിച്ചിരുന്നു. അത് പരിശോധിക്കാനും കൂടിയായിരുന്നു മന്ത്രിയുടെ സന്ദർശനം. കൂടാതെ അമല ആർ ഓ ബി റോഡും മന്ത്രി സന്ദർശിച്ചു. ഇവിടെയും നാലുവരി പാതയിൽ നിന്നും രണ്ടുവരിയിലേക്ക് മാറുമ്പോഴുള്ള പ്രശ്നങ്ങൾ കാരണം ബ്ലോക്ക് പതിവാണ്. ഇതിനുള്ള പ്രശ്നപരിഹാരത്തിനായി ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.
മുണ്ടൂർ കുറ്റിപ്പുറം പാത വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലൂടെ 11 കിലോമീറ്റർ ദൂരം കടന്നു പോകുന്നുണ്ട്. ഈ ഭാഗം നിരവധി പ്രധാന സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതും വളരെ തിരക്കേറിയതുമായ ഭാഗമാണ്.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലേക്കും അമല മെഡിക്കല്‍ കോളേജ് – ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്കും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള രോഗികള്‍ ഈ പാതയെ ആശ്രയിച്ചാണ് എത്തിച്ചേരുന്നത്. കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ശബരിമല സീസൺ കാലത്ത് ഉൾപ്പെടെ പ്രധാനമായും ആശ്രയിക്കുന്നത് സംസ്ഥാന പാതയുടെ ഈ ഭാഗങ്ങളെയാണ്. മറ്റൊരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ പാവറട്ടി പള്ളിയിലേക്കും ഭക്തർ നിരന്തരമായി സഞ്ചരിക്കുന്നത് വടക്കാഞ്ചേരി മണ്ഡലത്തിലൂടെയുള്ള ഈ ഭാഗങ്ങളിലൂടെയാണ്. സംസ്ഥാനത്തെ തന്നെ പ്രകൃതി രമണീയമായ വിലങ്ങന്‍ കുന്ന്, കോൾ ലാന്റ് ടൂറിസം, മഹാത്മാഗാന്ധി സന്ദര്‍ശിച്ച ചരിത്ര പ്രാധാന്യമുള്ള പ്രദേശമായി ഉയര്‍ന്ന പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം, സംസ്കൃത കോളേജ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വേളക്കോട്, അയ്യൻകുന്ന് എന്നീ വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം എത്തിച്ചേരാനുള്ള വളരെ പ്രധാനപ്പെട്ട പാതയാണിത്.


ഈ പാതയിലെ പുഴയ്ക്കൽ പാടം മുതൽ മുണ്ടൂർ വരെയും, പുറ്റേക്കര ഏഴാംകല്ലു മുതൽ കൈപ്പറമ്പ് ഇറക്കം വരെയും നാലുവരിപ്പാതയാണ്. ഇതിനിടയിലുള്ള മൂണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ ദൂരം റോഡ് വീതി കുറഞ്ഞ് കുപ്പിക്കഴുത്താണ്. ഈ പ്രദേശത്ത് നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധിപേർ മരണപ്പെടുകയും ഒട്ടേറെപ്പേർ അപകടത്തെ തുടർന്ന് ചികിത്സയിലും കിടപ്പിലുമാണ്. മുണ്ടൂർ പള്ളിയുടെ ഭാഗം അപകട വളവായി നിലനില്‍ക്കുകയുമാണ്. പ്രസ്തുത 1.8 കിലോമീറ്റർ ദൂരം റോഡ് 1961 ലെ ലാന്റ് അക്വിസിഷന്‍ പ്രകാരം റോഡിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുകയാണ്. ഈ ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ട്. 


1961 ല്‍ അക്വയർ ചെയ്ത ഈ ഭാഗത്തെ ഭൂമി തിരിച്ച് പിടിക്കുകയാണെങ്കിൽ ഈ സ്ഥലം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് റീബില്‍ഡ് കേരളയുടെ ഭാഗമായി അടിയന്തരമായി നടക്കാനിരിക്കുന്ന പ്രവൃത്തികൾ നിര്‍വ്വഹിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടെന്നും ആയതിനാൽ പ്രസ്തുത പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും നിയമസഭയിൽ സബ്മിഷന്‍ മുഖാന്തിരം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ആവശ്യപ്പെട്ടിരുന്നു.
ഇതേ റോഡിൽ തന്നെ അനുഭവപ്പെടുന്ന മറ്റൊരു കുപ്പിക്കഴുത്ത് പ്രശ്നമായ അമല റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്തെ വിഷയവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മുമ്പാകെ നിവേദനത്തിലൂടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. നാലുവരിപ്പാത അമല റെയിൽവേ ഓവർ ബ്രിഡ്ജിലെത്തുമ്പോൾ വീതിയില്ലാതെ കുപ്പിക്കഴുത്ത് രൂപപ്പെടുന്നതിനാൽ സമാന്തര റെയിൽവേ ബ്രിഡ്ജ് അനുവദിക്കണമെന്നായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടത്.  ഈ വിഷയം കൂടി മനസ്സിലാക്കുന്നതിനായിട്ടാണ് മന്ത്രി സന്ദർശനം നടത്തിയത്. എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.–

Vadasheri Footer