ചാവക്കാട് : മുല്ലശ്ശേരി ബ്ലോക്ക് സിഎച്ച്‌സിയില്‍ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ബെഡുകള്‍ ഒരുങ്ങുന്നു. 36 സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ബെഡുകളാണ് ഒരുക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് വകയിരുത്തിയ 20 ലക്ഷത്തില്‍ നിന്ന് 6 ലക്ഷം രൂപ ചെലവിട്ടാണ് ഓക്സിജന്‍ ബെഡുകള്‍ ഒരുങ്ങുന്നത്. സെപ്റ്റംബറോടെ ബെഡുകള്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും.
തൃശൂര്‍ ജില്ലയില്‍ ആദ്യമായാണ് സിഎച്ച്‌സി തലത്തില്‍ ഇത്തരം സംവിധാനം ഒരുങ്ങുന്നത്. 36 ബെഡുകളിലെ 18 ബെഡുകളിലാണ് ആദ്യ ഘട്ടത്തില്‍ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സംവിധാനം കൊണ്ടുവന്നത്. സിഎച്ച്‌സിയിലെ രണ്ടു നിലകളിലായി നാല് വാര്‍ഡുകളിലായാണ് സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സംവിധാനം ഒരുക്കുന്നത്. ആശുപത്രിയോട് ചേര്‍ന്ന് റീഫില്‍ ചെയ്യുന്ന ഓക്‌സിജന്‍ സിലിന്ററുകള്‍ സൂക്ഷിക്കുന്നതിന് ഓക്‌സിജന്‍ പ്ലാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രോഗവ്യാപനം നിലനില്‍ക്കുമ്പോഴും മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ മുന്നില്‍ കാണുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ സൗകര്യമുള്ള ബെഡുകള്‍ ഒരുക്കുന്നത് സാധാരണക്കാര്‍ക്ക് സഹായകരമാകും. കൂടാതെ പ്രദേശിക തലത്തില്‍ മികച്ച ചികിത്സാ സഹായം ലഭ്യമാക്കുന്നതിനും സാധിക്കും. ഓക്സിജന്‍ ബെഡുകള്‍ക്ക് ചെലവഴിക്കുന്ന തുകയ്ക്ക് പുറമെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും സിഎച്ച്‌സിയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പള്‍സ് ഓക്സിമീറ്ററുകള്‍, പി പി ഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലൂടെ ലഭ്യമാക്കി കഴിഞ്ഞു.
അടിയന്തര ഘട്ടത്തില്‍ 2 ഡോക്ടര്‍, 2 പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ നിയമനം നടത്തുകയും അവരുടെ വേതനം വഹിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ അടിയന്തര സഹായത്തിന് രണ്ട് ആംബുലന്‍സുകളുടെ സേവനവും മുല്ലശ്ശേരി സിഎച്ച്‌സിയ്ക്ക് ലഭ്യമാക്കാനായിട്ടുണ്ട്. എന്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് വരുന്ന ഐസൊലേഷന്‍ വാര്‍ഡും വിമുക്തിയുടെ ഭാഗമായി നടപ്പാക്കുന്ന ഡി-അഡിക്ഷന്‍ സെന്ററുമാണ് മുല്ലശ്ശേരി സിഎച്ച്‌സിയില്‍ നടപ്പാക്കാനിരിക്കുന്ന മറ്റ് പദ്ധതികള്‍.