മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു ; ടി.എന്‍. പ്രതാപന്‍ കമീഷന് പരാതി നല്‍കി
തൃശൂര്‍: ചൊവ്വാഴ്ച കണ്ണൂരിലെ സി.പി.എം ഓഫിസില്‍ പാര്‍ട്ടി ചിഹ്നത്തിന് മുന്നില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ചില വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും രാഷ്ട്രീയ ലാഭത്തിന് ഒൗദ്യോഗിക പദവി ദുരുപയോഗമാണെന്നും ടി.എന്‍. പ്രതാപന്‍ എം.പി. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ക്ക് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.
വൃദ്ധ സദനങ്ങളിലെയും കെയര്‍ ഹോമുകളിലെയും അന്തേവാസികള്‍ക്ക് അവര്‍ താമസിക്കുന്നിടത്ത് വാക്സിനേഷന് സൗകര്യമൊരുക്കും, ചൂട് കൂടുതലുള്ള കാലാവസ്ഥയില്‍ 11 മുതല്‍ മൂന്നുമണി വരെ തൊഴിലാളികളെക്കൊണ്ട് തൊഴിലുടമകള്‍ ജോലി ചെയ്യിപ്പിക്കരുത്, അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കെ-ഡെക്സിെന്റ വെബ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ജോലി ലഭിക്കും എന്നീ വാഗ്ദാനങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളുമാണ് മുഖ്യമന്ത്രി നടത്തിയത്.
കോവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും ചട്ടലംഘനമാണെന്ന് പരാതിയില്‍ ബോധിപ്പിച്ചതായി പ്രതാപന്‍ പറഞ്ഞു.