സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല : കെ സുധാകരന്‍.
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വകലാശാല നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഗവര്‍ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവര്‍ണര്‍ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവര്‍ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎം ചെയ്യുന്നത്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഗവര്‍ണറുടെ തുറന്ന് പറച്ചില്‍. മുഖ്യമന്ത്രി പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്.
സര്‍വകലാശാലയിലെ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തതാണ്. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ക്ക് കാര്യമായ വേഗം ഉണ്ടായില്ല. പ്രെെവറ്റ് സെക്രട്ടറികൂടിയായ കെ കെ രാഗേഷിന്‍റെ ഭാര്യയെ അസോ. പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞുക്രമവിരുദ്ധമായ നിയമനങ്ങള്‍ നടന്നിട്ടും തടയുന്നതില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടായി.
സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. വിഷയത്തില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും പലവിഷയങ്ങളിലും പരസ്യമായി തര്‍ക്കിക്കുകയും ഒടുവില്‍ രഹസ്യമായി സന്ധി ചെയ്യുകയുമാണ് പതിവ്.
മുഖ്യമന്ത്രിയും ഗവര്‍ണറും ഇപ്പോള്‍ നടത്തുന്ന പരസ്പര വിഴുപ്പലക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടെന്ന ആരോപണവുമായി ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് എത്തിയത് . . ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു.
ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം. നേരത്തെ ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.