മൂന്നര കോടി തട്ടല്‍: ക്വട്ടേഷന്‍ നല്‍കിയത് ഗുണ്ടാനേതാവിന്
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നര കോടി രൂപ തട്ടിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് കണ്ണൂരിലെ ഗുണ്ടാനേതാവിന്. തൃശൂര്‍ ജില്ലയിലെ രണ്ടു നേതാക്കള്‍ കൂടിയാലോചിച്ച് കല്യാശ്ശേരിയിലെ ഗുണ്ടാനേതാവ് വഴിയാണ് അപകടം സൃഷ്ടിച്ച് തട്ടിപ്പ് പദ്ധതി തയാറാക്കിയത്. ഇതിനിടെ കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ഉന്നത പദവിയില്‍ വിരമിച്ച് പാര്‍ട്ടി അംഗത്വമെടുത്ത ഉദ്യോഗസ്ഥന് ഇടപെട്ടതിെന്റ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇക്കഴിഞ്ഞ മൂന്നിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്ക് കൊടുത്തയച്ചതില് മൂന്നര കോടി രൂപ കൊടകരയില്‍വെച്ച് വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്. കോന്നിയിലേക്കുള്ള പണമാണ് തട്ടിയെടുത്തതെന്നാണ് പറയുന്നത്.
കോഴിക്കോട്ടുനിന്ന് തൃശൂരില്‍ പാര്‍ട്ടി ഓഫിസിലെത്തിയ സംഘത്തെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് തൃശൂരിലെ രണ്ടു നേതാക്കള്‍ പദ്ധതി ആസൂത്രണം ചെയ്തത്. കണ്ണൂരിലെ ഗുണ്ടാ നേതാവിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. അവിടെനിന്ന് എത്താനുള്ള സമയത്തിനനുസരിച്ചാണ് പുലര്‍കാലം തെരഞ്ഞെടുത്തതെന്നാണ് സൂചന. പുലര്‍കാലത്ത് ഇവരെ എഴുന്നേല്‍പ്പിച്ച് വിടുകയും ക്വട്ടേഷന്‍ സംഘം പിന്തുടര്ന്ന് കൊടകര പാലം കഴിഞ്ഞ് അപകടം ഉണ്ടാക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ പണമടങ്ങിയ കാറെടുത്ത് സംഘം കടന്നു. ഇത് പിന്നീട് സീറ്റുകള്‍ നശിപ്പിച്ച നിലയില്‍ ഇരിങ്ങാലക്കുടയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി.
പണം തൃശൂരിലെ നേതാക്കള്‍ക്ക് കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. തൃശൂരിലെ വ്യക്തികള്‍ക്ക് നേതാവ് കൈമാറിയ 50 ലക്ഷം രൂപ ഇതില്നിന്നാണെന്നാണ് സംശയിക്കുന്നത്. ഈ പണത്തിെന്റ ഉറവിടം ഇനിയും വ്യക്തമല്ല. ഫ്ലാറ്റ് വിറ്റുവെന്നാണ് ചില നേതാക്കളോട് പറഞ്ഞതെങ്കിലും ഏത് ഫ്ലാറ്റെന്നോ എവിടെയെന്നോ ആര്‍ക്കും അറിയില്ല.
കേന്ദ്രമന്ത്രിയും സംസ്ഥാന നേതാക്കളുമായും ഏറെ അടുപ്പമുള്ള നേതാവും സംഭവത്തില്‍ സംശയ നിഴലിലുണ്ട്. കൊടകര പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയതോടെയാണ് കേസ് ഒതുക്കാന്‍ ശ്രമം തുടങ്ങിയത്. പൊലീസിലെ ഉന്നത പദവിയിലിരിക്കെ വിരമിച്ചശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്നുണ്ട്. പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ഇദ്ദേഹം പൊലീസിലെ അടുപ്പക്കാരുമായാണ് ബന്ധപ്പെട്ടത്. കേസ് അപകടമാക്കി ഒഴിവാക്കാനാണ് ശ്രമം.
മൊബൈല്‍ നമ്ബര്‍ പിന്തുടര്ന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. കാര്‍ ഡ്രൈവര്‍മാരെ പ്രതിയാക്കി രണ്ടു കേസും ഒതുക്കാനാണ് ശ്രമം. ഇതിനാണ് പൊലീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടപെടുവിച്ചതെന്നാണ് സൂചന. എന്നാല്‍, പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടന സംഭവം ഗൗരവമായാണ് കാണുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ യോഗം വിളിച്ച് നേതാക്കളില്‍നിന്നു വിശദാംശങ്ങള്‍ തേടി.
വാര്‍ത്ത പുറത്തുവന്നതോടെ ജില്ലയിലെ രണ്ട് ഗ്രൂപ്പുകളും പരസ്പരം പഴിചാരാന്‍ തുടങ്ങി. ഇരുഗ്രൂപ്പിലെയും നേതാക്കളെ സംശയത്തിലാക്കി പ്രചാരണവും തുടങ്ങി.
ഇതിനിടെ പാലക്കാട്ടും പണംതട്ടാന്‍ ശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചു. തൃശൂരിലേക്ക് കൊടുത്തുവിട്ട നാല് കോടി രൂപ തട്ടാന്‍ പാലക്കാട്ടെ പാര്‍ട്ടി നേതാക്കള്‍ പദ്ധതി ആസൂത്രണം ചെയ്തെന്നും ഇതിന് നിയോഗിച്ച കാര്‍ ഡ്രൈവര്‍ക്ക് പിഴച്ചതോടെ പാളിപ്പോയെന്നുമാണ് വിവരം. പതിവ് അപകട മേഖലയായ വടക്കഞ്ചേരി ഭാഗത്ത് അപകടം സൃഷ്ടിക്കാനായിരുന്നു ഡ്രൈവര്‍ക്ക് മൊബൈല്‍ ഫോണിലൂെട നേതാക്കള്‍ നല്കിയ നിര്‍ദേശമത്രെ.
എന്നാല്‍, സ്ഥലം സംബന്ധിച്ച് വീണ്ടും ഡ്രൈവര്‍ ചോദിച്ച സന്ദേശം ഗ്രൂപ് മാറി പൊലീസിന് കിട്ടിയതാണ് പൊളിയാനിടയായത്. സന്ദേശം മാറി അയച്ചത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പാര്‍ട്ടി നേതാക്കളെ അക്കാര്യം അറിയിച്ചു.