പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം , രാവിലെ 7 മുതൽ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല .
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം . പടിഞ്ഞാറേ നടയിൽ രാവിലെ ഏഴ് മണി മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. കിഴക്കേ നടയിൽ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവും. ഇതിലൂടെ രാവിലെ ഏഴ് മണി മുതൽ അകത്തേക്ക് പ്രവേശനം നിയന്ത്രിക്കും. ഒമ്പത് മണിയോടെ എല്ലാവരേയും ഒഴിപ്പിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മാത്രമാവും പ്രവേശനം. പ്രധാനമന്ത്രി രാവിലെ 10 മണി മുതൽ 11.15 വരെയാണ് ക്ഷേത്രത്തിൽ ഉണ്ടാവുക.
രാവിലെ എട്ട് മണിയോടെ പോലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂനംമൂച്ചി മുതൽ ഗുരുവായൂർ വരെ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂർ ഇന്നർ റോഡിലും ഔട്ടർ റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂരിൽ കിഴക്ക് ഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ല. പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യാം
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ നിന്ന് രാവിലെ 9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങും . അവിടെ നിന്ന് കാർ മാർഗം 10ന് ദേവസ്വം വക ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തുകയും തുടർന്ന് 10.10 ന് ക്ഷേത്രത്തിലെത്തും. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, വി മുരളീധരൻ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്രദർശനത്തിനുണ്ടാവും. കിഴക്കേ ഗോപുരത്തിനു മുന്നിൽ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി . മോഹൻദാസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും . കൊടിമരത്തിനു സമീപത്തു കൂടി നേരെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് സോപാനത്ത് കദളിക്കുല , മഞ്ഞപ്പട്ട് , ഉരുളി നിറയെ നറുനെയ് എന്നിവ സമർപ്പിച്ച് തൊഴും . മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകും .ഗുരുവായൂരപ്പനെയും ഗണപതിയെ തൊഴുത് വടക്കേനടയിലൂടെ പുറത്തു കടന്ന് ഉപദേവതയായ ഭഗവതിയെ വന്ദിക്കും . തുടർന്ന് താമരപ്പൂവു കൊണ്ട് തുലാഭാരവും നടത്തും. ഇതിനായി 111 കിലോ താമരപ്പൂവ് ഒരുക്കിയിട്ടുണ്ട്. പ്രദക്ഷിണം ചെയ്ത് ഉപദേവനായ അയ്യപ്പനെ തൊഴുത് കിഴക്കേഗോപുരത്തിലെത്തും . മോദിയുടെ വഴിപാടായി നടന്ന മുഴുക്കാപ്പ് കളഭച്ചാർത്തിന്റെ പ്രസാദം അഡ്മിനിസ്‌ട്രേ റ്റർ എസ് . വി . ശിശിർ കൈമാറും . ഒരു മണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിക്കും . കിഴക്കേ ഗോപുരകവാടം വഴി പുറത്തെത്തുന്ന അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൗസി ലെത്തിയതിനു ശേഷം പൊതുപരിപാടി നടക്കുന്ന ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ടിലേക്കു പോകും. ദേവസ്വത്തിന്റെ ഉപഹാരം ശ്രീവത്സത്തിൽ വെച്ച് പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കും.