
ഗാനമേളയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്നു ; പ്രതി അറസ്റ്റിൽ.

കുന്നംകുളം: പഴഞ്ഞിയിൽ ഗാനമേളയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം പെരിഞ്ഞനം സ്വദേശി 42 വയസ്സുള്ള അൻസാരി(42)യാണ് അറസ്റ്റിലായത്.


ബുധനാഴ്ച രാത്രി എട്ടരയ്ക്കും പത്തരയ്ക്കും ഇടയിലാണ് മോഷണങ്ങൾ നടന്നത്. ഗാനമേളയ്ക്കെത്തിയ നാല് യുവാക്കളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോണുകളാണ് മോഷണം പോയത്. നാല് മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിനുശേഷം വീണ്ടും മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വന്തമായി മൊബൈൽ ഷോപ്പുള്ള പ്രതി മുൻപും സമാനമായ രീതിയിൽ മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പകുതി വിലയ്ക്ക് വിൽപ്പന നടത്തുന്നതാണ് പതിവ് രീതിയെന്നും പോലീസ് പറഞ്ഞു.
