
മൊബൈൽ മോഷ്ടിച്ച രണ്ട് പേരും , വാങ്ങിയ കടക്കാരനും അറസ്റ്റിൽ.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്‌സ്റ്റാന്റില്‍നിന്നും വിലകൂടിയ മൊബൈല്‍ഫോണ്‍ മോഷണം നടത്തിയ രണ്ട് പ്രതികളേയും, മോഷണ മുതല്‍ വാങ്ങിയ കടയുടമയേയും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. മോഷ്ടാക്കളായ തളിക്കുളം വടക്കേഭാഗം കൈതിക്കല്‍ കല്ലിങ്കല്‍ വീട്ടില്‍ ബതീഷ് (36), ഇരിങ്ങാലക്കുട കരുവന്നൂര്‍ ബംഗ്ലാവ് വെള്ളാനി വീട്ടില്‍ മണികണ്ഠന്‍ (48), എന്നിവരേയും, മോഷണ മുതല്‍ വാങ്ങിയ ചാവക്കാട്ടെ കടയുടമ ചാവക്കാട് ബ്ലാങ്ങാട് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഹുസൈനേ (43) യുമാണ് ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ പ്രീത ബാബുവും, സംഘവും അറസ്റ്റുചെയ്തത്.

തമിഴ്‌നാട്ടില്‍ സ്ഥിരതാമസക്കാരാക്കിയ നോര്‍ത്ത് പറവൂര്‍ സ്വദേശിനി ജിനി, ബസ്സ്സ്റ്റാന്റില്‍ റീചാര്‍ജ്ജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ ഐ ഫോണാണ് പ്രതികള്‍ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഐ ഫോണ്‍ ബസ്റ്റാന്റില്‍നിന്നും മോഷണം പോയതായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ്സ്സ്റ്റാന്റിലെ സി.സി.ടി.വി പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. അറുപതിനായിരത്തിലേറെ വിലമതിയ്ക്കുന്ന ഐ ഫോണ്‍ ചാവക്കാട്ടെ മൊബൈല്‍ കടയില്‍ 2,000 രൂപയ്ക്കാണ് പ്രതികള്‍ വില്‍പ്പന നടത്തിയത്.

മോഷ്ടിച്ചെടുത്ത ഫോണിന്റെ ലോക്ക് തുറന്ന് കടയുടമ വില്‍പ്പനയ്ക്ക് വെച്ചിരിയ്ക്കവേയാണ് പോലീസ് ഫോണ്‍ കണ്ടെടുത്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ: അഭിലാഷ്, സീനിയര്‍ സിവില്‍ പോസീസുകാരായ അരുണ്‍, സോജേഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു