Post Header (woking) vadesheri

വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കും:മുഖ്യമന്ത്രി

Above Post Pazhidam (working)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ വേളയില്‍ യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഭാവിക്കായുള്ള എല്ലാ വെല്ലുവിളികളെയും ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെ മറികടന്ന്, അവയെ അതിജീവിച്ച് കേരളം പുതുയുഗത്തിലേക്കുള്ള യാത്ര തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായിരുന്ന അഞ്ച് ഇന്ദിരാ ഗ്യാരന്റികളും സര്‍ക്കാര്‍ നടപ്പിലാക്കും. ഇതില്‍ രണ്ടെണ്ണത്തില്‍ ഇതിനകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ള ഗ്യാരന്റികളുടെ സാമ്പത്തിക വശങ്ങള്‍ കൃത്യമായി പരിശോധിച്ച് ഗവണ്‍മെന്റ് തലത്തില്‍ ഉചിതമായ സമയത്ത് അവ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കേരളത്തെ ഒരു വലിയ തുറമുഖ നഗരമാക്കുകയെന്നതാണ് തന്റെ പ്രധാന സ്വപ്നമെന്ന് മുഖ്യമന്ത്രി വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നര്‍ ടെര്‍മിനലിനെയും ഒപ്പം പതിനേഴ് മിനി തുറമുഖങ്ങളെയും പരസ്പരം ഏകോപിപ്പിച്ചു കൊണ്ടുള്ള വലിയൊരു സമഗ്ര പദ്ധതിക്ക് സര്‍ക്കാര്‍ ഉടന്‍ തന്നെ തുടക്കം കുറിക്കും. ഇതിനൊപ്പം കേരളത്തെ ദക്ഷിണേഷ്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും പ്രധാനപ്പെട്ട ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും. വളരെ ചെറിയൊരു ഭൂപ്രദേശത്തിനുള്ളില്‍ നാല് രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്ള സംസ്ഥാനമാണ് നമ്മുടേത്. ഈ അനുകൂല സാഹചര്യം മുതലെടുക്കാന്‍ ആവശ്യമായ വലിയ ഏവിയേഷന്‍ പ്രൊജക്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനായി സംസ്ഥാനത്ത് ലാന്‍ഡ് ബാങ്ക് സജ്ജമാക്കും. പതിനായിരം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കുമെന്നും വരാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ലഹരിമരുന്ന് ശൃംഖലയെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ സംവിധാനം രൂപീകരിക്കും. അതോടൊപ്പം തന്നെ സംസ്ഥാനത്തെ തീരപ്രദേശത്തെ ജനങ്ങളുടെ സങ്കടങ്ങള്‍ മാറ്റാനുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. മലയോര കര്‍ഷകരുടെ വലിയ വിഷമമായ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളും നിലവിലുള്ള പ്രായോഗിക പദ്ധതികളും ചേര്‍ത്തുള്ള പുതിയ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യാന്‍സര്‍ കെയര്‍, മാതൃശിശു ആരോഗ്യം, വയോജനങ്ങളുടെ ആരോഗ്യം, മാനസികാരോഗ്യം എന്നിവ പ്രത്യേകമായി ഉറപ്പാക്കിക്കൊണ്ട് സാധാരണക്കാരുടെ ചികിത്സാ ചെലവ് പരമാവധി കുറയ്ക്കാനുള്ള വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും.

ടൂറിസം രംഗത്തും സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്നും കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയങ്ങളല്ല, മറിച്ച് പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നയരാഹിത്യ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ പദ്ധതിയായ കിഫ്ബിയെക്കുറിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ വിശദമായി പഠിച്ചു വരികയാണ്. ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ഈ പഠനത്തിന് ശേഷം മാത്രമായിരിക്കും കിഫ്ബിയുടെ കാര്യത്തില്‍ നയപരമായ അന്തിമ തീരുമാനമെടുക്കുക. വന്ദേമാതര വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രാഷ്ട്രീയ ഐഡിയോളജി എല്ലാവര്‍ക്കും ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തകര്‍ച്ചയിലായ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും ഉന്നതവിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി ആധുനികവത്കരിക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

First Paragraph Jitesh panikar (working)