പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണം നടത്തും: മന്ത്രി എ സി മൊയ്തീൻ
തൃശ്ശൂര്‍ : പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമതിൽ നിർമ്മാണത്തിന് തടസ്സമായുളള മെഡിക്കൽ കോളേജ് പരിസരത്തെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കും. പ്രദേശവാസികൾ നിലവിൽ ഉപയോഗിക്കുന്ന വഴികളിൽ അത്യാവശ്യ വാഹനങ്ങൾ കടന്നുപോകാൻ സാധിക്കുന്ന രീതിയിലായിരിക്കും നിർമ്മാണം.
ആവശ്യമായ സ്ഥലങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ സാധിക്കുന്ന രീതിൽ ഗേറ്റുകൾ നിർമ്മിക്കും. മൂന്ന് കോടി രൂപ ചെലവിൽ പ്രയോരിറ്റി വൺ, ടു, ത്രീ എന്നീ ഘട്ടങ്ങളിലായാണ് മതിൽ നിർമ്മാണം. ഇതിൽ ആദ്യഘട്ടമായ പ്രയോരിറ്റി വൺ ആരംഭിച്ചു. മെഡിക്കൽ കോളേജിലൂടെ വ്യവസായ എസ്റ്റേറ്റുകളിലേക്ക് ഉൾപ്പെടെ കണ്ടയെനർ ലോറികൾ കടന്നു പോകുന്നത് അനുവദിക്കില്ല. ഇത് നിയന്ത്രിക്കാൻ പോലീസിന് നിർദ്ദേശം നൽകും.
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ പാർക്കിങ് പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശം നൽകും. സിഎസ്ആർ ഫണ്ടു വാങ്ങുന്നതിന് സർക്കാരിന്റെ അനുമതി വാങ്ങാൻ ആശുപത്രി അധികൃതകർക്ക് മന്ത്രി നിർദ്ദേശം നൽകി. രമ്യ ഹരിദാസ് എംപി, അനിൽ അക്കര എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.