തൃശ്ശൂർ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുക്കുകയാണ് ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ മാതൃ-ശിശു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മതിലകം ഡ്രൈ പോർട്ട് ട്രാൻസ്ഗ്ലോബലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 24ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമായി 400 കിടക്കകളുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാണ് മതിലകത്ത് ആരംഭിക്കുന്നത്.
ജില്ലയിലെ രണ്ടാമത്തെ സി എഫ് എൽ ടി സി കൂടിയാണിത്. ആഗസ്റ്റ് ആദ്യവാരത്തിൽ കോവിഡ് ബാധിതർക്കായി കേന്ദ്രം തുറന്നു കൊടുക്കും.
ജില്ലയിൽ തീരദേശമേഖലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിലവിൽ കേസുകൾ കുറഞ്ഞു വരുന്നുണ്ടെങ്കിലും മേഖലയിലെ പഞ്ചായത്തുകളിലെ ടി പി ആർ റേറ്റ് പതിമൂന്നും പതിനഞ്ചും ശതമാനമാണ്. മൂന്നാം തരംഗത്തെ നേരിടാൻ ജില്ലയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സി എഫ് എൽ ടി സി മതിലകത്ത് തയ്യാറാക്കിയതെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.
ദേശീയപാത 66നോട് ചേർന്ന് സുരക്ഷിത ചുറ്റുമതിലോടെയുള്ള മതിലകം ഡ്രൈപോർട്ട് കെട്ടിടത്തിൽ 400 ഓക്‌സിജൻ കിടക്കകളോട് കൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് ഉയരുക. പന്ത്രണ്ട് ഏക്കറിൽ വിശാലമായ സൗകര്യങ്ങളുള്ള കസ്റ്റംസ് കാർഗോ കേന്ദ്രമാണ് കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റുന്നത്. സി പി മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ്, ഡ്രൈ പോർട്ട് പാർട്ണർമാരായ പി വി അഹമ്മദ് കുട്ടി, സിദ്ദിഖ്, റഷീദ്, നാസർ എന്നിവർ ജില്ലാ ഭരണകൂടവുമായും ആരോഗ്യവകുപ്പുമായും സഹകരിച്ച് സി എഫ് എൽ ടി സിക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. നിലവിൽ 75 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സി എഫ് എൽ ടി സിയാക്കി മാറ്റാൻ വേണ്ടി വന്നത്.
അടിയന്തര സാഹചര്യത്തിൽ കോവിഡ് ബാധിതരെ കൊടുങ്ങല്ലൂർ കോവിഡ് ആശുപത്രിയിലേക്കോ മെഡിക്കൽ കോളജിലേക്കോ നീക്കാനുള്ള സംവിധാനമുണ്ട്. കോവിഡ് ബാധിതരെ പരിശോധിക്കാനും കേന്ദ്രത്തിലേക്ക് നീക്കാനുള്ള സംവിധാനവും ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിന് അരിയും ശുദ്ധജല വിതരണ സംവിധാനവും ട്രസ്റ്റ് നൽകും. ബാക്കി എല്ലാ സൗകര്യവും നൽകുന്നത് സർക്കാരാണ്. ഇതിന് ആരോഗ്യ വകുപ്പ് ഡോക്ടർമാർ അടക്കമുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി 20 സ്റ്റാഫുകളും ഇവിടെയുണ്ടാകും. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ സാനു എം പരമേശ്വരൻ സി എഫ് എൽ ടി സി നോഡൽ ഓഫീസറും ഡോ ഫാരിസ് അസിസ്റ്റന്റ് നോഡൽ ഓഫീസറുമാണ്.
കോവിഡ് ബാധിതർക്ക് വിശാലമായ ഹാളുകളിലാണ് സൗകര്യമൊരുങ്ങുന്നത്. കേന്ദ്രത്തിന് മാത്രമായി ഐസിയു സംവിധാനത്തോടെ ആംബുലൻസും നൽകും. ഈ ആംബുലൻസ്, ഹാളുകളിലേക്ക് കൊണ്ടുവരാനാകുന്ന തരത്തിലാണ് സജ്ജീകരണം. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി പ്രത്യേക മുറികളും ഡൈനിങ്ങ് ഹാളും താമസസൗകര്യവുമുണ്ട്.