വൈത്തിരിയിൽ മാവോയിസ്റ്റ് വധം , മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു
വയനാട്: വൈത്തിരിയിൽ പോലീസ് വെടിവയ്പിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് കളക്ടർ എ.ആർ അജയകുമാറാണ് അന്വേഷിക്കുക. ജലീൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.
ജലീലിന്‍റെ മരണം തലയില്‍ വെടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധനയിലും കണ്ടെത്തി. തലയ്ക്കു പിന്നിലും തോളിലുമായി പിന്നിൽനിന്നാണ് വെടിയേറ്റിരിക്കുന്നത്.
വൈത്തിരി ഉപവൻ റിസോർട്ടിലുണ്ടായ വെടിവെപ്പിൽ ബുധനാഴ്ച രാത്രിയാണ് ജലീൽ വെടിയേറ്റുമരിച്ചത്. റിസോർട്ടിന്‍റെ റിസപ്ഷൻ കൗണ്ടറിനു സമീപം പാ റക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തു നാടൻ തോക്കും സഞ്ചിയും ചിതറിയ കറൻസികളും ഉണ്ടായിരുന്നു. മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീൽ.