Header 1 = sarovaram
Above Pot

കാക്കനാട് ജിബിൻ വധത്തിന് കാരണം അന്യ മതസ്ഥയായ യുവതിയുമായുള്ള ബന്ധം

കൊച്ചി: കാക്കനാട് വെണ്ണല-പാലച്ചുവട് റോഡില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിനെ, അടുപ്പമുള്ള യുവതിയുടെ വീട്ടുകാർ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കൊല്ലപ്പെട്ട ജിബിന്‍ വര്‍ഗീസിന് (33) ബന്ധമുണ്ടായിരുന്ന യുവതിയെന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശമയച്ച് വിളിച്ചുവരുത്തി യുവതിയുടെ ബന്ധുക്കളും അയല്‍ക്കാരും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവത്രെ .സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരെന്ന് കരുതുന്ന 14 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.യുവതിയുടെ സഹോദരന്‍ മനാഫ് ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അലി, കെ.ഇ.സലാം, മുഹമ്മദ് ഫൈസല്‍, കെ.കെ.സിറാജുദ്ദീന്‍, കെ.ഐ.യൂസഫ്, അജാസ് എന്നിവരാണ് പിടിയിലായിരിക്കുന്ന മറ്റു പ്രതികള്‍. യുവതിയുടെ പിതാവ് അസീസും ഭര്‍ത്താവ് അനീസും ഉള്‍പ്പെടെയുള്ള മറ്റ് ഏഴു പ്രതികളെ ഇനി പിടികൂടാനുണ്ട്.

ജിബിനും വാഴക്കാല സ്വദേശിയായ യുവതിയുമായുള്ള ബന്ധമാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം. ഇവര്‍ തമ്മില്‍ നേരത്തേ ബന്ധമുണ്ടായിരുന്നെങ്കിലും അന്യമതസ്ഥരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹം നടന്നില്ല. ഇരുവരും വേറെ വിവാഹം കഴിച്ച ശേഷവും ബന്ധം തുടരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ കണ്ടെത്തിയതാണ് ജിബിന്റെ  കൊലപാതകത്തിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്

Astrologer

ശനിയാഴ്ച രാത്രി ജിബിനെ യുവതിയുടെ വീട്ടിലേക്ക് മെസേജ് അയച്ച് വിളിച്ചുവരുത്തിയത് ഭര്‍ത്താവായ അനീസാണെന്ന് പോലീസ് പറയുന്നു.
അര്‍ധരാത്രിയോടെ വാഴക്കാലയിലുള്ള തന്റെ വീട്ടിലേയ്ക്ക് പിന്‍വാതില്‍ വഴി വരാനായിരുന്നു വാട്‌സ്ആപ്പ് സന്ദേശം.സന്ദേശമനുസരിച്ച് ഇവിടെയെത്തിയ ജിബിനെ ഇവിടെ കാത്തുനിന്നിരുന്ന അസീസ്, മകന്‍ മനാഫ്, മകളുടെ ഭര്‍ത്താവ് അനീസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും അയല്‍വാസികളും ചേർന്ന് പിടികൂടി സ്റ്റെയര്‍ കേസിനടുത്തുള്ള ഗ്രില്ലില്‍ കെട്ടിയിട്ട് കൈകൊണ്ടും കട്ടിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചും ക്രൂരമായി മര്‍ദിച്ചു. 14 പേര്‍ ചേര്‍ന്നായിരുന്നു മര്‍ദനം. രണ്ടു മണിക്കൂറോളം തുടര്‍ന്ന മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ജിബിന്‍ ഇവിടെവെച്ചുതന്നെ മരണപ്പെട്ടു.

തുടര്‍ന്ന്, അസീസിന്റെ ബന്ധുവായ അലിയുടെ ഓട്ടോയില്‍ മൃതദേഹം കയറ്റി പാലച്ചുവട് ആളൊഴിഞ്ഞ ഭാഗത്ത് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് തോന്നത്തക്ക വിധത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഫൈസല്‍ എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. മനാഫ് ഇയാള്‍ക്കൊപ്പം മുന്‍സീറ്റിലിരുന്നു. സലാം എന്നയാള്‍ മൃതദേഹം താങ്ങിക്കൊണ്ട് പിന്‍സീറ്റിലും. കൊല്ലപ്പെട്ടയാളുടെ സ്‌കൂട്ടറില്‍ നിസാര്‍, ശിഹാബ് എന്നീ പ്രതികളും ഓട്ടോയ്‌ക്കൊപ്പം ഇവിടെയെത്തി വാഹനവും മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചു. ഇവരെ കൂടാതെ അലിയുടെ കാറില്‍ ഏതാനും പേര്‍ നിരീക്ഷണത്തിനായി ഇവര്‍ക്കൊപ്പം വന്നിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഫോണിലേക്ക് ഒരു സന്ദേശം വന്ന ശേഷമാണ് ജിബിന്‍ വീട്ടില്‍ നിന്ന് പോയതെന്ന വിവരവും വാഴക്കാലയുള്ള അസീസിന്റെ വീടിനു സമീപം മൃതദേഹത്തില്‍ ഉണ്ടായിരുന്ന അതേ വസ്ത്രങ്ങളോടെ സംശയാസ്പദമായ രീതിയില്‍ കണ്ടിരുന്നെന്ന മൊഴിയുമാണ് പോലീസിനെ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ജിബിനെ കെട്ടിയിട്ട് മര്‍ദിച്ച സ്ഥലത്തുനിന്ന് രക്തസാമ്പിളുകളും കൊലപാതകത്തിനു ശേഷം അസീസിന്റെ വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. അസീസിന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

Vadasheri Footer