Post Header (woking) vadesheri

മാഞ്ഞു പോകാത്ത ബിൽ നൽകണം , കല്യാൺ സിൽക്സിനെതിരെ ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ : അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്തു് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ് റോഡിലെ കല്യാൺ സിൽക്സ് ട്രിച്ചൂർ (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.

സീന, ഭർത്താവിന് വേണ്ടി ഒരു കുർത്ത വാങ്ങുകയായിരുന്നു. ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ല. കൊണ്ടുപോയി നോക്കി പാകമാകാത്ത പക്ഷം മാറ്റിയെടുക്കുവാൻ കഴിയുമോ എന്ന് ചോദിച്ചതിൽ അപ്രകാരമാകാം എന്ന് ഉറപ്പ് നൽകിയിരുന്നു. വീട്ടിൽ ചെന്ന് ഇട്ട് നോക്കിയപ്പോൾ യോജിച്ചതായിരുന്നില്ല. തുടർന്ന് എതിർകക്ഷിയെ സമീപിച്ച് മാറ്റി നൽകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ യാതൊന്നും ചെയ്യുവാൻ കഴിയില്ല എന്ന മറുപടിയാണുണ്ടായത്.കൂടാതെ മാഞ്ഞു പോകുന്ന ബില്ലാണ് നൽകുകയുണ്ടായത്.

നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ മാരായ ശീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി കുർത്തയുടെ വിലയായ 660 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നല്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.

മാഞ്ഞു പോകാത്തതും ഉൽപ്പന്നം തിരിച്ചെടുക്കുന്നതു് സംബന്ധമായതും മാറ്റി നൽകുന്നത് സംബന്ധമായതുമായ നിലപാട് വ്യക്തമാക്കുന്ന ബിൽ നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

First Paragraph Jitesh panikar (working)