മഞ്ചേരിയിൽ രണ്ട് യുവാക്കളെ പട്ടാപകൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി

">

മഞ്ചേരി : മഞ്ചേരിയിൽ രണ്ട് യുവാക്കളെ പട്ടാപകൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി.. മഞ്ചേരി ചെരണി എളങ്കൂർ റോഡിലെ പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് സൂചന. ഇന്ന് രാവിലെ പ്രദേശവാസികളും സമീപത്തെ കച്ചവടക്കാരുമാണ് നിർത്തിയിട്ട ഓട്ടോയിൽ മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് മഞ്ചേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മഞ്ചേരി തുറക്കൽ സ്വദേശി പൂളക്കുന്നൻ റിയാസ് (41), ഈരാറ്റുപേട്ട സ്വദേശി കല്ലുപുരയ്ക്കൽ റിയാസ് (35) എന്നിവരുടെ മൃതദേഹങ്ങളാണെന്ന് തിരിച്ചറിഞ്ഞതായി മഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു. കല്ലുപുരക്കൽ റിയാസ് മഞ്ചേരി ചാരങ്കാവിൽ നിന്നാണ് വിവാഹം കഴിച്ചത്

റോഡരികിലെ പറമ്പിൽ നിർത്തിയിട്ട ഓട്ടോയിലെ ഡ്രൈവിങ് സീറ്റിലും പിൻസീറ്റിലുമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ ഡ്രൈവിങ് സീറ്റിൽ നിന്ന് പിറകിലേക്ക് കൈകൾ തൂക്കിയിട്ട നിലയിലായിരുന്നു. മറ്റേയാൾ പിൻസീറ്റിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഓട്ടോയിൽ നിന്ന് കുടിവെള്ള കുപ്പിയും അടപ്പ് തുറക്കാത്ത ശീതള പാനീയത്തിന്റെ കുപ്പിയും കണ്ടെടുത്തു.

സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് പൊലീസ് നിഗമനം. ഇരുവരും മുമ്പ് മയക്കുമരുന്ന്, കഞ്ചാവു കേസുകളിൽ പ്രതികളായിരുന്നു. ലഹരി വസ്തുക്കൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം മരണത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നത്. പട്ടാപകൽ ഓട്ടോയിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് നാട്ടുകാരെ നടുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors